തെഹ്‌റാന്‍ – കഴിഞ്ഞ മാസം ഇറാനും ഇസ്രായിലും തമ്മില്‍ നടത്തിയ ഹ്രസ്വ യുദ്ധത്തിനിടെ തലസ്ഥാനമായ തെഹ്റാനിലെ എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ മിസൈല്‍ ആക്രമണത്തിനിടെ ചില തടവുകാര്‍ രക്ഷപ്പെട്ടതായി ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പ് ജയിലിനു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ വളരെ കുറച്ച് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു.
രക്ഷപ്പെട്ട തടവുകാരുടെ കൃത്യമായ എണ്ണം ജുഡീഷ്യറി വക്താവ് വെളിപ്പെടുത്തിയില്ല. ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ച് പേര്‍ തടവുകാരാണ്. ജൂണ്‍ 23 ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് തടവുകാരും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണെന്ന് ജുഡീഷ്യറി വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട തടവുകാരുടെ പേരുവിവരങ്ങള്‍ അസ്ഗര്‍ ജഹാംഗീര്‍ നല്‍കിയില്ല.
പരിമിതമായ എണ്ണം തടവുകാര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. കുറച്ച് തടവുകാര്‍ രക്ഷപ്പെട്ടു. ഇവരെ സുരക്ഷാ വകുപ്പുകള്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ തിരികെ എത്തിക്കും – അസ്ഗര്‍ ജഹാംഗീറിനെ ഉദ്ധരിച്ച് ഇറാന്‍ ജുഡീഷ്യറി ഔദ്യോഗിക വാര്‍ത്താ വെബ്സൈറ്റായ മീസാന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിയുമായി സഹകരിച്ചതായി ആരോപിക്കപ്പെടുന്ന, എവിന്‍ ജയിലില്‍ തടവിലാക്കപ്പെട്ട തടവുകാരില്‍ ആരും ആക്രമണത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ജഹാംഗീര്‍ വ്യക്തമാക്കി.
ഇറാന്‍ സര്‍ക്കാരിനുള്ള പ്രതീകാത്മകമായ പ്രഹരമായി ആക്രമണത്തെ ഇസ്രായില്‍ വിശേഷിപ്പിച്ചു. ആക്രമണം രാഷ്ട്രീയ തടവുകാരുടെ ജീവന്‍ അപകടത്തിലാക്കിയതായി മുന്‍ തടവുകാരും ആക്ടിവിസ്റ്റുകളും പറഞ്ഞു. നിരവധി യൂറോപ്യന്മാരും എവിനില്‍ തടവിലാണ്.