പെരിന്തൽമണ്ണ– നിപ്പ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന 50 വയസ്സുകാരനാണ് മരിച്ചത്. സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചതായും പ്രാഥമിക പരിശോധനയിൽ നിപ്പയാണെന്നാണ് സംശയമെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടയാളുടെ വീടിനു 3 കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
വെള്ളിയാഴ്‌ചയാണ് ഇയാളെ പനിയും ശ്വാസതടസ്സവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പ സമ്പർക്കപ്പട്ടികയിൽ നിലവിൽ 497 പേരാണുള്ളത്. മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട്ട് 178 പേരും എറണാകുളത്തു രണ്ടു പേരുമാണു പട്ടികയിൽ.