റിയാദ്- പത്ത് ദിവസം മുമ്പ് അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നേല്ലോല വീട്ടില്‍ ജോണ്‍ തോമസ് എന്ന ജോസാണ് (47) മരിച്ചത്. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാര്‍ തമ്പി അപകടസ്ഥലത്ത് വെച്ച് മരിച്ചിരുന്നു.
കഴിഞ്ഞ 25ന് അല്‍ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിന് സമീപമുള്ള തൊഴിലിടത്തിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ടൊയോട്ട ഹയസ് പാസഞ്ചര്‍ വാന്‍ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. 15 ഓളം തൊഴിലാളികളുണ്ടായിരുന്നു. രണ്ട് പേരൊഴികെ ബാക്കി എല്ലാവരുടെയും പരിക്ക് നിസാരമായിരുന്നു. അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജോസിനെ വിദഗ്ധ ചികിത്സക്കായി റിയാദ് അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ് മരണം.
അപകടത്തില്‍ തല്‍ക്ഷണം മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാര്‍ തമ്പിയുടെ മൃതദേഹം വെള്ളിയാഴ്ച (നാളെ) നാട്ടിലെത്തിക്കാനിരിക്കെയാണ് ജോസിന്റെ മരണം. മൂന്നര വര്‍ഷമായി സൗദിയിലുള്ള ജോസ് എരുമേലി സ്വദേശി തോമസിന്റെയും മറിയാമ്മയുടെയും മകനാണ്. കുഞ്ഞുമോളാണ് ഭാര്യ. മക്കള്‍: ഏഞ്ചല്‍ മറിയ, ജോയല്‍. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉനൈസ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.