തിരുവനന്തപുരം– ഒമാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ കോടികൾ വിലമതിക്കുന്ന ലഹരിയുമായി പിടിയിലായ സഞ്ജു സ്‌ഥിരം കുറ്റവാളി എന്ന് പൊലീസിന്റെ കണ്ടെത്തൽ. 2023ൽ ഞെക്കാടിന് സമീപം വളർത്തു നായ്ക്കളെ കാവലാക്കി ലഹരി കച്ചവടം നടത്തിയ കേസിൽ ഇയാൾ പ്രതിയാണ്. അന്ന് വിവരം അറിഞ്ഞ് പൊലീസ് പരിശോധിക്കാൻ എത്തുമ്പോൾ വളർത്തു നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. സഞ്ജു, ലഹരി ഇടപാടിൽ സംസ്ഥാനത്തെ പ്രധാനകണ്ണിയാണെന്നും പലയിടങ്ങളിലും പിടികൂടിയ എംഡിഎംഎയുടെ ഉറവിടം സഞ്ജുവാണെന്നും പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഡാൻസാഫ് ഇൻസ്പെക്ടർ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള ടീം 6 മാസത്തിലേറെയായി സഞ്ജുവിന്റെ നീക്കങ്ങൾ പിന്തുടർന്നിരുന്നു. സഞ്ജുവിന്റെ ഫോണിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതോടെ സംസ്ഥാനത്തെ ലഹരിമാഫിയയിൽ ഉൾപ്പെട്ടവരെ പിടികൂടാനാവുമെന്ന് പൊലീസ് പറഞ്ഞു.
എംഡിഎംഎ കടത്തുകേസിൽ പിടിയിലായ മുഖ്യ പ്രതി സഞ്ജു ഒമാനിലേക്ക് കുടുംബസമേതം പോയത് ഈമാസം 3നായിരുന്നു. 6 ദിവസം കഴിഞ്ഞ് ഒന്നേകാൽ കിലോ ലഹരി മരുന്നുമായി മടക്കം. വിമാനത്താവളത്തിലെ പരിശോധനയിലും പിടി വീണില്ല. വിദേശത്തും നാട്ടിലും വൻ ലഹരി മരുന്ന് ലോബികളുമായി ഇയാൾക്കുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നു. വിദേശത്ത് നിന്ന് കടത്തുന്ന മയക്കു മരുന്നുകൾ ജില്ലയിൽ അധികവും ഒഴുകുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ വർക്ക, കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടും വലിയ രീതിയിലുള്ള വിപണനം നടക്കുന്നതായി പൊലീസ് പറഞ്ഞു.
ഈന്തപ്പഴത്തിൻ്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് നാട്ടിലെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി സഞ്ജു അടക്കം 4 പേരെ പൊലീസ് പിടികൂടിയിരുന്നു. വിപണിയിൽ ഇതിന് രണ്ടരക്കോടിയോളം രൂപ വില വരും. സംസ്‌ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ. മാവിൻമൂട് പറകുന്ന് ചരുവിള വീട്ടിൽ സഞ്ജു (42), ചെമ്മരുതി വി.കെ.ലാൻഡിൽ നന്ദു (32), ഞെക്കാട് വടശേരിക്കോണം കാണവിളയിൽ ഉണ്ണിക്കണ്ണൻ (39), ഞെക്കാട് വടശേരിക്കോണം ആർഎൻപി സദനത്തിൽ പ്രമീൺ (35) എന്നിവരായിരുന്നു പിടിയിലായിരുന്നത്. ഇവരിൽനിന്ന് 17 ലീറ്റർ വിദേശമദ്യവും പിടിച്ചെടുത്തിരുന്നു. സഞ്ജു സംസ്ഥാനത്ത് വൻതോതിൽ എംഡിഎംഎ എത്തിച്ചുവിൽപന നടത്തുന്നയാളാണെന്നാണു വിവരം. എംഡിഎംഎ കടത്തിയതിനുൾപ്പെടെ 2 തവണ കേസെടുത്തിട്ടുണ്ടെന്നും റൂറൽ എസ്‌പി കെ.എസ്.സുദർശൻ പറഞ്ഞു.
ബുധൻ രാത്രി 8നാണ് സഞ്ജു. നന്ദു എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവരെ കൂട്ടിക്കൊണ്ടു പോകാൻ ഉണ്ണിക്കണ്ണൻ, പ്രമീൺ എന്നിവർ പിക്കപ് ലോറിയുമായി എത്തി. ലഗേജ് പിക്കപ് ലോറിയിൽ കയറ്റിയ ശേഷം സഞ്ജുവും നന്ദുവും കാറിൽ കല്ലമ്പലത്തേക്കു തിരിച്ചു. കാറിൽ സഞ്ജുവിൻ്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ പിന്തുടർന്നു. കല്ലമ്പലം- കൊല്ലം റോഡിന് സമീപം കാർ തടഞ്ഞു നിർത്തിയെങ്കിലും പിക്കപ് ലോറി കടന്നു പോയി. പിന്നീട് നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പറകുന്ന് വച്ച് പിക്കപ് ലോറി പിടികൂടുകയായിരുന്നു. ഈന്തപ്പഴപെട്ടിയിലെ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ. കല്ലമ്പലം പൊലീസിന് കൈമാറിയ പ്രതികളെ റിമാൻഡ് ചെയ്തു.
അഫ്‌ഗാനിസ്‌ഥാനിൽനിന്ന് പാക്കിസ്ഥാനിലെത്തിച്ച് അവിടെനിന്നും ഒമാൻ വഴിയാണ് രാജ്യത്തേക്ക് കൂടുതലും എംഡിഎംഎ കടത്തുന്നതെന്നാണ് സഞ്ജുവിന്റെ മൊഴി. ഒമാനിലെ ലഹരി സംഘവുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ട്. ഇയാളുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധമെന്നും സൂചന
അറസ്‌റ്റിലായ മുഖ്യപ്രതി സഞ്ജുവിനു സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പൊലീസ്. ഇയാളുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിൻറെ നീക്കം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾ കേന്ദ്രീകരിച്ച് സഞ്ജു പല ഇടപാടുകളും നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു.
കൊച്ചിയിൽ സിനിമാ ബന്ധമുള്ളവരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും. സഞ്ജുവിൻറെ ബാങ്ക് ഇടപാടുകൾ അടുത്ത ദിവസങ്ങളിൽ പൊലീസ് പരിശോധിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കല്ലമ്പലം പൊലീസ് തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങും. രാജ്യാന്തര വിപണിയിൽ 3 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് സഞ്ജു ഉൾപ്പെടെ 4 പേരിൽ നിന്നു ഡാൻസാഫ് സംഘം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഈ വർഷം 4 തവണ സഞ്ജു ഒമാനിലേക്കു യാത്ര ചെയ്‌തതായി പൊലീസ് സ്‌ഥിരീകരിച്ചു. കസ്‌റ്റംസിൻ്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയിട്ടും വിമാനത്താവളത്തിൽ എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന ചോദ്യം ശക്തമാണ്. 2023ൽ ഞെക്കാടിനു സമീപം വളർത്തുനായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ ഇയാൾ പിടിയിലായിരുന്നു.
ഇടത്തരം കുടുംബത്തിൽപെട്ട സഞ്ജു ചുരുങ്ങിയ കാലയളവിലാണ് സാമ്പത്തികമായി വളർന്നത്. ഞെക്കാട് വലിയവിള ജംക്ഷനിൽ കോടികൾ ചെലവിട്ടുള്ള ആഡംബര വീടിൻ്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീട്ടിലേക്കുള്ള ആഡംബര ലൈറ്റുകൾ, വിലകൂടിയ പാത്രങ്ങൾ, വസ്ത്രം എന്നിവയുമായാണ് ഇയാൾ ഒമാനിൽനിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഇതിനൊപ്പമുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.