മലപ്പുറം– മീഡിയ വണ്‍ ചാനലിനെതിരെ പരസ്യ പ്രസ്താവനമായി സിപിഎം. വണ്ടൂര്‍ മുന്‍ എംഎല്‍എ സഖാവ് കണ്ണനെ വ്യക്തിഹത്യ ചെയ്യാന്‍ നീക്കം നടത്തിയെന്നാരോപിച്ചാണ് സിപിഐഎം മലപ്പുറം ജില്ല ഫേസ്ബുക്ക് പേജിലൂടെ പ്രസ്താവനയിറക്കിയത്. മീഡിയ വണ്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം. 1999 മാര്‍ച്ചില്‍ സ. എന്‍ കണ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന്‍ രേഖയില്‍ എന്‍ഡിഎഫിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മലപ്പുറം ജില്ലയെ കുറിച്ചാണെന്ന് വരുത്തുകയാണ് മീഡിയ വൺ ചാനലെന്നും സിപിഎം ആരോപിച്ചു.
അതേ സമയം ഇന്നലെ സിപിഎം വണ്ടൂര്‍ ഏരിയാ കമ്മിറ്റി മാധ്യമം മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയിരുന്നു. മീഡിയ വണ്‍ ചാനലും ദാവൂദും സി.പി.എമ്മിനെതിരെ വ്യാജ കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈ വെട്ടി മാറ്റും മൗദൂദികളെ നാറികളെ, ദാവൂദെന്നൊരു തെമ്മാടി എന്നീ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉയര്‍ന്നിരുന്നു.