കൊച്ചി – എജ്യുടെക് ഭീമന്‍ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടിയില്‍ നിന്ന് ഒറ്റ വര്‍ഷത്തിനുള്ളില്‍ പൂജ്യത്തിലെത്തിയതായ കണക്കുകള്‍ പുറത്ത്. ഏറ്റവും പുതിയ ഫോബ്സ് ബില്യണയര്‍ സൂചിക പ്രകാരം ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ കമ്പനിയുടെ മൂല്യം. ഒരു വര്‍ഷം മുമ്പ് ആസ്തി 2.1 ബില്യണ്‍ ഡോളര്‍, അതായത് 17,545 കോടി ആയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നത്.
‘ഫോബ്സ് ബില്യണയര്‍ ഇന്‍ഡക്‌സ് 2024’ പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയുണ്ട്. എന്നാല്‍, ഈ പട്ടികയില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായ ബൈജു രവീന്ദ്രനെയാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പുവരെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികകളില്‍ പലതിലും ബൈജു ഇടംപിടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്ന് നാല് പേര്‍ മാത്രമാണ് ഇത്തവണ പുറത്തായത്, അതിലൊരാളാണ് ബൈജു. അടുത്തകാലത്ത് ബൈജൂസ് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജുവിന്റെ ആസ്തിയെ ബാധിച്ചത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു.
2011ല്‍ സ്ഥാപിതമായ ബൈജൂസ്, 2022ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നിരുന്നു. പ്രൈമറി സ്‌കൂള്‍ മുതല്‍ എം ബി എ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠന ആപ്പിലൂടെ ബൈജൂസ് വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. എന്നാല്‍ അടുത്തകാലത്തായി വന്‍ തകര്‍ച്ച നേരിടുകയായിരുന്നു.