ലുധിയാന- ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദീപക് യാദവ് മകളെ വെടിവെച്ചുകൊന്നത്. അഞ്ചു തവണയാണ് ഇയാൾ മകൾക്കു നേരെ വെടിയുതിർത്തത്. മൂന്നു വെടിയുണ്ടകൾ രാധിക യാദവിന്റെ ദേഹത്ത് തുളച്ചു കയറി. ദീപക് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെടിയേറ്റ നിലയിലാണ് രാധിക യാദവിനെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ ടെന്നീസ് അക്കാദമി നടത്തുകയായിരുന്നു രാധിക. പ്രതിയുടെ സഹോദരനാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. ടെന്നീസ് അക്കാദമി നടത്തുന്നതിൽ ദീപക് മകളോട് കലഹം പതിവായിരുന്നുവെന്നും ഇതിന്റെ വിരോധമാണ് അക്രമത്തിന് കാരണം എന്നുമാണ് പോലീസ് പറയുന്നത്.
ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് ഇയാൾ കൃത്യം നിർവഹിച്ചത്. നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്ത താരമാണ് രാധിക യാദവ്. ഗുരുഗ്രാം സെക്ടർ -57 ലെ വീടിനുള്ളിൽ രാവിലെ 10 മണിയോടെയാണ് 25 കാരിയായ പെൺകുട്ടി വെടിയേറ്റ് മരിച്ചത്.