കൊച്ചി– കീം (കേരള എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍) പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസസ്ഥയിലാണ് സര്‍ക്കാര്‍. പ്രോസ്‌പെക്ട് പുറത്തിറക്കി, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധപ്പെടുത്തിയതിനു ശേഷം വെയിറ്റേജില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന സിംഗില്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. റിസള്‍ട്ട് 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടെ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിരവധി പേര്‍ പുറത്ത് പോകും.
മാര്‍ക്ക് ഏകീകരണത്തില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ പിന്നില്‍ പോകുന്നത് മറികടക്കാന്‍ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കാന്‍ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം. പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താമെന്ന വ്യവസ്ഥയുണ്ടായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഫലം റദ്ദാക്കുന്ന നടപടി പ്രവേശന നടപടികളെ അനിശ്ചിതത്വത്തിലാക്കും. അതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കും. നിലവില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയും പ്രവേശന നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ദോഷം വരാത്ത രീതിയില്‍ തമിഴ്‌നാട് മോഡലില്‍ പുതിയ ഫോര്‍മുല നടപ്പാക്കിയതാണെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. നാളെ ഹരജി വീണ്ടും പരിഗണിക്കും.