ദുബൈ– യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഭരണകൂടത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും സര്‍ക്കാര്‍ ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റു പ്രശ്‌ന പരിഹാരങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പുതിയ സംവിധാനം ആരംഭിച്ചതായി യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചു. എഫ്‌സിഎസ്‌സി (ഫെഡറല്‍ കോംപറ്റേറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിക്‌സ് സെന്റര്‍) സംഘടിപ്പിച്ച ചടങ്ങിനെ അഭിസംബോധന ചെയ്യവെയായിരുന്നു ദുബൈ ഭരണാധികാരിയുടെ പ്രഖ്യാപനം. നൂതന സാങ്കേതിക വിദ്യകളുടെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ പദ്ധതി ഭാവിയിലുണ്ടായേക്കാവുന്ന വെല്ലുവിളികളും അവസരങ്ങളും മുന്‍കൂട്ടി കാണാന്‍ സഹായിക്കുന്നതാണ്.
ഗവണ്‍മെന്റ് പ്രകടനം മെച്ചപ്പെടുത്തുന്നതിനും ദേശീയ ഡാറ്റ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും, പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമായി നേരത്തെ ഫെഡറല്‍ ഗവണ്‍മെന്റ് ‘ഡാറ്റ ഇന്‍ഡെക്‌സ്’ വികസിപ്പിച്ചെടുത്തിരുന്നു. തൊട്ടു പിന്നാലെയാണ് പുതിയ പദ്ധതിയുടെ അറിയിപ്പ്. യുഎഇയിലെ രാഷ്ട്ര നേതാക്കള്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങളും ജനങ്ങളുടെ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നുവെന്നത് ശുഭകരമാണെന്നും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഫെഡറല്‍ കോംപറ്റേറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിക്‌സ് സെന്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ 35 ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 120 ഡാറ്റാ സ്‌പെഷ്യലിസ്റ്റുകള്‍ പങ്കെടുത്തു. ”എവിടേയും തികഞ്ഞ സംവിധാനമില്ല, പക്ഷേ എല്ലാം വികസിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയും.”-പുതിയ സംവിധാനം ആരംഭിച്ചതിനെക്കുറിച്ച് സൂചിപ്പിച്ച് പരിപാടിയുടെ ഫോട്ടോ പങ്കുവെച്ച് ശൈഖ് മുഹമ്മദ് സമൂഹ മാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കി