ന്യൂ ഡൽഹി– യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ആലത്തൂർ എം.പി കെ രാധാകൃഷ്ണൻ. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യമൻ ജയിൽ അധികൃതരുടെ തീരുമാനമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു, എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിതീകരണമില്ല.
കേരളത്തിൽ നിന്നുള്ള സമൂഹത്തിന്റെ വലിയൊരു വിഭാഗം, പ്രത്യേകിച്ച് ആലത്തൂർ മണ്ഡലത്തിൽ നിന്നുള്ളവർ, ഈ സംഭവത്തിൽ വലിയ മാനസിക വേദനയിലായിരിക്കുന്നുവെന്നും, നിമിഷയുടെ അമ്മയും കുടുംബവും അതീവ പ്രതീക്ഷയോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനായി കാത്തിരിക്കുന്നതെന്നും എം.പി കത്തിൽ പറയുകയുണ്ടായി. ഇതുപോലുള്ള സാഹചര്യങ്ങളിൽ കൃത്യമായ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്നും, ഇന്ത്യൻ പൗരയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നീക്കമെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.


വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചതോടെ ഒരാഴ്‌ച മാത്രമാണ് ഇനി മോചനശ്രമങ്ങൾക്കായി ഉള്ളത്. നിലവിൽ, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ല. ദയാധനം നൽകി മോചനത്തിന് ഇപ്പോഴും അവസരമുണ്ടെന്നാണ് നിമിഷപ്രിയക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത്
അതേ സമയം നിമിഷപ്രിയയുടെ മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പ് നൽകാൻ തയാറാകുക മാത്രമാണ് ശിക്ഷ ഒഴിവാക്കാനുള്ള ഏകവഴിയെന്ന് കുടുംബത്തിൻ്റെ അഭിഭാഷകയായ അഡ്വ, ദീപ പറഞ്ഞു. ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളില്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.
വധശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡൻ്റ് റഷാദ് അൽ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമൻ്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആഗസ്റ്റിൽ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.
യമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വിടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിൻപിറ സ്വദേശിനിയാണ് നിമിഷപ്രിയ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമൻ കോടതി വധശിക്ഷക്ക് വിധിച്ചത്.