വാഷിങ്ടൺ– റഷ്യ യുക്രയ്ൻ യുദ്ധത്തിൽ പുടിനോടുള്ള തന്റെ നീരസം പ്രകടമാക്കി ട്രംപ്. ഇരുപക്ഷത്ത് നിന്നും നിരവധി ആളുകൾ മരിച്ച് വീഴുന്നു എന്ന് വ്യക്തമാക്കിയാണ് പുടിനോടുള്ള തന്റെ നീരസം ട്രംപ് പുറത്ത് പറയുന്നത്. “ഞാൻ അദ്ദേഹത്തിന്റെ കാര്യത്തിൽ അത്ര സന്തോഷവാനല്ല.എനിക്ക് ഇപ്പോൾ അത്ര മാത്രമേ പറയാൻ സാധിക്കൂ. ഈ യുദ്ധം ഒരുപാട് ആളുകളെ കൊല്ലുന്നുണ്ട്” കാബിനറ്റ് യോഗത്തിനിടെ ട്രംപ് പറഞ്ഞു.
“ഞങ്ങൾ പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങൾ നൽകുകയാണ്. പുടിൻ ആളുകളോട് ശരിയായ വിധത്തിലല്ല പെരുമാറുന്നത്. ഇത് ഒരുപാട് ആളുകളെ കൊല്ലുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾ യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ പ്രതിരോധത്തിനായി അയക്കുകയാണ് ഞാൻ അത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. കാബിനറ്റ് യോഗത്തിൽ ട്രംപ് കൂട്ടിചേർത്തു.
ട്രംപ് തന്റെ ആദ്യകാലങ്ങളിൽ റഷ്യൻ പ്രസിഡന്റ് പുടിനെ അമിതമായി പുകഴ്ത്തുകയും പുടിനുമായി ചേർന്ന് നിൽക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ, റഷ്യ യുദ്ധം പെട്ടെന്ന് തന്നെ അവസാനിപ്പിക്കാൻ ഇത്രയും ബന്ധം ഒന്നും മതിയാകാതെ വരുമെന്ന് ട്രംപ് മനസ്സിലാക്കിയതായി അമേരിക്കൻ വാർത്താ മാധ്യമമായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
പുടിനോടുള്ള തന്റെ നീരസം പ്രകടമാക്കുന്നതിന് ഒരു ദിവസം മുമ്പാണ് അമേരിക്ക യുക്രയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കുമെന്ന് അറിയിച്ചത്. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്ക ആദ്യമേ അംഗീകരിച്ച ആയുധസഹായം നിർത്തലാക്കുമെന്ന് അറിയിച്ചത്. എന്നാൽ സ്വന്തം സൈനിക ശേഖരം വളരെയധികം കുറഞ്ഞെന്ന ആശങ്കൾക്കിടയിലാണ് അമേരിക്ക ഇത്തരം സൈനികമായ സഹായങ്ങൾ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നത്.
കഴിഞ്ഞയാഴ്ച പെന്റഗൺ യുക്രയ്നിലേക്കുള്ള ആയുധങ്ങൾ വൈറ്റ് ഹൗസുമായി ചർച്ച ചെയ്യാതെ നിർത്തിവെച്ചിരുന്നു. തന്നോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനത്തിൽ ട്രംപ് അസ്വസ്ഥനായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട ആളുകൾ എപി ന്യൂസുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ട്രംപ് പങ്കുവെച്ചില്ല. ഇതേകുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് എനിക്കറിയില്ല എന്നും എന്തുകൊണ്ട് നിങ്ങൾ എന്നോട് അറിയിച്ചില്ല എന്നുമാണ് ട്രംപ് പരിഹാസ രൂപേണ നൽകിയ മറുപടി.
ട്രംപ് തന്റെ തെരഞ്ഞെടുപ്പ പ്രചാരണ വേളയിൽ റഷ്യ യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. “വ്ലാഡിമിർ, നിർത്തൂ!” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം യുക്രയ്ന് മുകളിലായി വലിയ ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. പുടിനെതിരായ പരസ്യമായ പ്രഖ്യാപനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
പുടിനോട് തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും അദ്ദേഹം യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നുല്ലെന്നുമായിരുന്നു കഴിഞ്ഞയാഴ്ച ട്രംപ് പുടിനുമായുള്ള ഫോൺ കോളിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള അത്താഴ വിരുന്നിലും തന്റെ “നോട്ട് ഹാപ്പി” പ്രയോഗം നടത്തിയിരുന്നു.
“ഞാൻ പറയും, ഉക്രേനിയക്കാർ ധൈര്യശാലികളായിരുന്നു. പക്ഷേ ഞങ്ങൾ അവർക്ക് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ഉപകരണങ്ങൾ നൽകി,” ട്രംപ് പറഞ്ഞു. യുഎസ് ആയുധങ്ങളും സൈനിക പിന്തുണയും ഇല്ലായിരുന്നെങ്കിൽ, 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം “ഒരുപക്ഷേ വളരെ വേഗത്തിലുള്ള യുദ്ധമാകുമായിരുന്നേനെ” എന്ന് അദ്ദേഹം പറഞ്ഞു.
“മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന ഒരു യുദ്ധമാകുമായിരുന്നു അത്, പക്ഷേ അവർക്ക് അവിശ്വസനീയമായ ഉപകരണങ്ങളുടെ പ്രയോജനം ഉണ്ടായിരുന്നു,” ട്രംപ് കൂട്ടിചേർത്തു.