കൊല്ലം/ കോഴിക്കോട്– ദേശീയ പണിമുടക്ക് പുരോഗമിക്കുന്ന സാഹചര്യത്തിൽ വിവധയിടങ്ങളിൽ അക്രമങ്ങളും കൈയ്യേറ്റവും നടന്നു. കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇത് ആശുപത്രികളിൽ മരുന്നെത്തിക്കുന്ന കേന്ദ്രമാണെന്ന് ഔഷധിയിലെ തൊഴിലാളി പറയുന്നുണ്ട്. എന്നാൽ ആശുപത്രി അല്ല എന്നും ഇവിടെ രോഗികൾ വരുന്നില്ല എന്നും പറഞ്ഞ് ഇറങ്ങി പോകാൻ അലറി വിളിക്കുകയായിരുന്നു സമരാനുകൂലി. തുടർന്ന് ജീവനക്കാരനുമായി രൂക്ഷമായി തട്ടിക്കയറി, അവിടെ വെച്ച് അയാളെ ശരീരത്തിൽ പിടിച്ച് തള്ളി പുറത്താക്കുകയായിരുന്നു എന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കി. കടയടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയത്. പോലീസ് നോക്കി നിൽക്കെ തുറന്ന് പ്രവർത്തിച്ച് മാളും സമരാനുകൂലികൾ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബെംഗളൂരുവിൽനിന്നടക്കം വന്ന ദീർഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.
തൊഴിലാളികൾക്കു വേണ്ടി സമരം നടത്തുന്ന നേതാക്കൾ പാവപ്പെട്ട തൊഴിലാളികൾക്കു നേരെ തന്നെ ഇത്തരം ഗുണ്ടായിസം അഴിച്ചുവിടുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് അനുഭവസ്ഥവർ പറഞ്ഞു ആർക്കെതിരെയുള്ള സമരമാണെങ്കിലും ആത്യന്തികമായി അത് ബാധിക്കുന്നത് നാട്ടിലെ സാധാരണക്കാരെയാണെന്നും അവർ വ്യക്തമാക്കി