കൊച്ചി– നൂറു കോടിക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടവ് തെറ്റിച്ച അതി സമ്പന്നര്‍ക്ക് ഏഴ് വര്‍ഷത്തിനിടെ എസ്.ബി.ഐ എഴുതിത്തള്ളി നൽകിയത് 96,588 കോടി രൂപ. 279 അക്കൗണ്ടുകളില്‍ നിന്നായി 1,44,967 കോടി രൂപ വായ്പ നല്‍കിയതില്‍ നിന്ന് ‘ഹെയര്‍ കട്ട്’ എന്ന് വിശേഷിപ്പിക്കുന്ന സംവിധാനത്തിലൂടെ 67 ശതമാനം തുകയാണ് എഴുതിത്തള്ളിയത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂലണന്റേതാണ് (എന്‍സിഎല്‍ടി) നടപടി. പുനെയിലെ വിവരാവകാശ പ്രവര്‍ത്തകനും എസ്.ബി.ഐ ഓഹരി ഉടമയുമായ വിവേക് വെലാംഗര്‍ എന്നയാള്‍ക്ക് ബാങ്ക് നല്‍കിയതാണ് ഈ മറുപടി. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന അപേക്ഷ ബാങ്ക് നിരസിച്ചു.
2016 മുതല്‍ 2025വരെയുള്ള വര്‍ഷങ്ങളില്‍ 100 കോടിക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടവ് വീഴ്ച വരുത്തി എഴുതിത്തള്ളിയവരുടെയും 2017 മുതല്‍ 2025വരെ എന്‍സിഎല്‍ടി മുഖേന വായ്പ തീര്‍പ്പാക്കിയവരുടെയും വിവരങ്ങളാണ് വിവേക് ചോദിച്ചത്. ഇടപാടുകാരെ സംബന്ധിച്ചുള്ള ഒരു വിവരങ്ങളും എസ്.ബി.ഐ ആക്ട് പ്രകാരം വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നാണ് മറുപടി നല്‍കിയത്. സാധാരണക്കാരുടെ ചെറുകിടവായ്പകള്‍ തിരിച്ചുപിടിക്കാന്‍ അത്യുത്സാഹം കാണിക്കുന്ന എസ്.ബി.ഐയാണ് അതിസമ്പന്നരുടെ പതിനായിരക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്നത്.