ന്യൂയോര്‍ക്– ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.
യുവത്വത്തിൻ്റെ പ്രസരിപ്പുമായിട്ടാണ് ഇംഗ്ലീഷ് ക്ലബ് ചെൽസി ഇറങ്ങുന്നത്. എന്നാൽ ടൂർണമെന്റിലെ സർപ്രൈസ് ടീമുകളിൽ ഒന്നായ ഫ്‌ലുമിനൻസ് പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ വമ്പൻമാരായ ഇൻ്റർ മിലാനെയും ക്വാർട്ടർ ഫൈനലിൽ അൽ ഹിലാലിനെയും വീഴ്ത്തിയ ആത്മ വിശ്വാസത്തിലാണ് സെമിയിലേക്ക് വരുന്നത്.
ചെൽസി ക്വാർട്ടറിൽ കീഴടക്കിയത് ബ്രസീലിയൻ ക്ലബ് പാൽമിറാസിനെയായിരുന്നു. ക്വാർട്ടറിൽ സൗദി ക്ലബ് അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്‌ലുമിനൻസിന്റെ സെമി പ്രവേശം. ചെൽസി ഇതേ സ്കോറിനാണ് പാൽമിറാസനെ തോൽപ്പിച്ചത്. ഒറ്റക്കളിയും തോൽക്കാതെ ഫ്ലൂമിനൻസ് സെമി പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം ബ്രസീലിയൻ താരം തിയാഗോ സിൽവയാണ്. നാലു വർഷം ചെൽസിയുടെ താരമായിരുന്നു ബ്രസീലിയൻ ഡിഫൻഡർ, ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ട്രോഫികൾ നേടിയിട്ടുള്ള താരമാണ്. തന്റെ പഴയ ക്ലബുമായിട്ടുള്ള മത്സരം, നാൽപ്പതുകാരനായ സിൽവയ്ക്ക് പോരാട്ടം കടുപ്പിക്കുകയല്ലാതെ മറ്റൊന്നുമില്ല എന്നത് തീർച്ചയാണ്
ബ്രസീലിയൻ ക്ലബ് നിർണായക പോരാട്ടത്തിന് ഇറങ്ങുന്നത് സസ്പെൻഷനിലായ സെന്റർ ബാക്ക് യുവാൻ പാബ്ലോ ഫ്രെയ്റ്റസും മിഡ്‌ഫീൽഡർ മാർട്ടിനെല്ലിയും ഇല്ലാതെയാണ്. ഇരുവരുടേയും അഭാവം നികത്തുകയാവും ഫ്ലൂമിനൻസ് കോച്ച് റെനാറ്റോ ഗൗച്ചോയുടെ പ്രധാന വെല്ലുവിളി. രണ്ടാം കിരീടം ലക്ഷ്യമിടുന്ന ചെൽസി ഉറ്റുനോക്കുന്നത് നെറ്റോ, പാമർ, എൻകുകു, പെഡ്രോ എന്നിവരടങ്ങിയ മുന്നേറ്റനിരയിലേക്ക്. പരിക്കേറ്റ നായകൻ റീസ് ജയിംസിൻ്റെ അഭാവം ചെൽസിക്കും തിരിച്ചടിയുണ്ടാക്കും. രണ്ടാം സെമിഫൈനലിൽ റയൽ മാഡ്രിഡ് നാളെ രാത്രി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയുമായി ഏറ്റുമുട്ടും.