തെഹ്‌റാന്‍ – ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു. ഈ ശ്രമം വിഫലമാവുകയായിരുന്നെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അവര്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു. അതെ, അവര്‍ അതിനാണ് ശ്രമിച്ചത്. പക്ഷേ, അവര്‍ പരാജയപ്പെട്ടു. താന്‍ പങ്കെടുക്കേണ്ടിയിരുന്ന മീറ്റിംഗ് ലക്ഷ്യം വെച്ച് ഇസ്രായില്‍ ആക്രമണം നടത്തി – പെസെഷ്‌കിയാന്‍ പറഞ്ഞു. ജൂണില്‍ ഇസ്രായിലും ഇറാനും തമ്മില്‍ നടന്ന യുദ്ധത്തിനിടെയോ വധശ്രമം നടന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചില്ല. വധശ്രമത്തിന് പിന്നില്‍ അമേരിക്കയല്ല, ഇസ്രായിലാണ് എന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. തന്റെ രാജ്യത്തിനായി ജീവന്‍ ത്യജിക്കാനുള്ള സന്നദ്ധത പ്രസിഡന്റ് വ്യക്തമാക്കി. എന്റെ രാജ്യത്തിന്റെ പ്രതിരോധത്തിനായി മരിക്കാന്‍ ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷേ, അത് മേഖലക്ക് സുരക്ഷ നല്‍കുമോ? – പെസെഷ്‌കിയാന്‍ ആരാഞ്ഞു.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഇറാന്റെ സന്നദ്ധത പ്രസിഡന്റ് വ്യക്തമാക്കി. ചര്‍ച്ചകളില്‍ വീണ്ടും പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ ഒരു പ്രശ്‌നവും കാണുന്നില്ല. എന്നിരുന്നാലും, നമുക്ക് എങ്ങനെ വീണ്ടും അമേരിക്കയെ വിശ്വസിക്കാന്‍ കഴിയും? – അമേരിക്കയിലുള്ള വിശ്വാസമില്ലായ്മ സൂചിപ്പിച്ച് പെസെഷ്‌കിയാന്‍ ആരാഞ്ഞു. ഇസ്രായില്‍-ഇറാന്‍ യുദ്ധത്തിനിടെ മൂന്ന് ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു.