ദുബൈ– ദുബൈയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വത്തോ ബിസിനസ് നിക്ഷേപങ്ങളോ ഇല്ലാതെ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ കഴിയുന്ന പുതിയ വിസ പദ്ധതി അവതരിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. സാധാരണയുള്ള നിക്ഷേ അധിഷ്ഠിത ഗോള്‍ഡന്‍ വിസയില്‍ നിന്ന് മാറി നോമിനേഷന്‍ അധിഷ്ഠിത ഗോള്‍ഡന്‍ വിസയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നതെന്ന് യുഎഇയെ ഉദ്ധരിച്ച് ദി ടൈംസ് കുവൈത്ത് റിപ്പോര്‍ട്ട് ചെയ്തു. യോഗ്യരായ ഇന്ത്യക്കാര്‍ക്ക് നിശ്ചിത ഫീസ് അടച്ച് ഇനി ഗോള്‍ഡന്‍ വിസ സ്വന്തമാക്കാം. നേരത്തെ ഗോള്‍ഡന്‍ വിസ യോഗ്യത നേടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ കുറഞ്ഞത് 2 ലക്ഷം ദിര്‍ഹം ( ഏകദേശം 4.66 കോടി) സ്വത്തുക്കളിലോ ബിസിനസ് പ്രൊജക്ടുകളിലോ നിക്ഷേപിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇനിമുതല്‍ അപേക്ഷകര്‍ക്ക് 10,0000 ദിര്‍ഹം (ഏകദേശം 23.3 ലക്ഷം രൂപ) നല്‍കി യുഎഇയില്‍ ആജീവനാന്ത വിസ നേടാം. പുതിയ പദ്ധതി ആരംഭിച്ച് ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 5000ത്തോളം അപേക്ഷകളാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകള്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും പുതിയ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് കീഴില്‍ അപേക്ഷിക്കാം. ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സ്, പോഡ്കാസ്റ്റര്‍മാര്‍, യൂട്യൂബേര്‍സ്, എന്നിവര്‍ക്കും ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, 15 വര്‍ഷത്തിലധികം പരിചയമുള്ള യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റികള്‍, നഴ്‌സുമാര്‍, എന്നിവര്‍ക്കും അപേക്ഷിക്കാം. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരേയും ബിസിനസ് പ്രൊഫഷനലുകളെയും പുതിയ വിസ നയത്തില്‍ യുഎഇ സ്വാഗതം ചെയ്യുന്നുണ്ട്. 25 വയസ് കഴിഞ്ഞ അംഗീകൃത സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്കും വിസക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
ഇന്ത്യ-ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആദ്യം അവസരം നല്‍കി ഒരു പൈലറ്റ് പ്രൊജക്ടായാണ് പുതിയ വിസ പദ്ധതി ആരംഭിക്കുന്നത്. ഈ രാജ്യങ്ങളിലെ വിഎഫ്എസ്, വണ്‍ വാസ്‌കോ സെന്ററുകളുമായി സഹകരിച്ച് റയാദ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ‘ഇന്ത്യക്കാര്‍ക്ക് ഒരു സുവര്‍ണ്ണാവസരം’ എന്നാണ് റയാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റയാദ് കമാല്‍ അയൂബ് പുതിയ നയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ കോള്‍സെന്റര്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ യോഗ്യത പരിശോധിക്കാന്‍ സമഗ്രമായ പശ്ചാത്തല പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ പശ്ചാത്തലം, സോഷ്യല്‍ മീഡിയ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാകും. റയാദ് ഗ്രൂപ്പ് തന്നെയായിരിക്കും അന്തിമ അംഗീകാരത്തിനായുള്ള അപേക്ഷ യുഎഇ സര്‍ക്കാറിന് അയക്കുക. അപേക്ഷകര്‍ ദുബായ് സന്ദര്‍ശിക്കണ്ട ആവിശ്യമില്ല.