അറ്റലാന്റാ– ഫുട്ബോൾ ലോകം ഉറ്റുനോക്കിയ ക്ലബ് ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബയേർണിനെ തകർത്ത് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി. 77-ാം മിനുട്ടിൽ ബയേൺ ഗോൾ കീപ്പർ ന്യൂയറെ നോകുക്കുത്തിയാക്കി ,ഡുവെ നേടിയ തകർപ്പൻ ഗോളും, ഇഞ്ചുറി ടൈമിൽ ഡെമ്പെലെയുടെ മനോഹരമായ ഗോളിലൂടെയുമാണ് പി.എസ്.ജി സെമി ഉറപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ ഒമ്പതു പേരായി ചുരുങ്ങിയ പി.എസ്.ജിക്കെതിരെ ഒരു ഗോൾ പോലും നേടാനാവാതെ ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ് ബയേൺ.
മത്സരത്തിലുടനീളം ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യപകുതിയിലാവട്ടെ കളിയുടെ മുൻ തൂക്കം ബയേണിന്റെ അടുത്തായിരുന്നു. നിരവധി അറ്റാക്കുകളാണ് രണ്ടു ടീമും നടത്തിയത്. കളിയുടെ മുപ്പതാം മിനുട്ടിൽ പി.എസ്.ജിയുടെ ഏഴാം നമ്പർ താരം ക്വാരറ്റ്‌സ്‌ഖേലിയ ഒറ്റയാനെ പോലെ പാഞ്ഞടുത്ത് ബയേണിന്റെ പെനാൽറ്റി ബോക്സിന്നകത്തു കേറി ഗോൾ കീപ്പറിന്റെ അരികത്ത് നിന്ന് തൊടുത്ത ഷോട്ട് ന്യൂയർ തട്ടിമാറ്റുകയായിരുന്നു. പിന്നീട് ഇരു ടീമുകളും ഒരുപാട് തവണ എതിർ പോസ്റ്റുകളിലേക്ക് പ്രശ്ണങ്ങൾ സൃഷ്ടിച്ചുക്കൊണ്ടേയിരുന്നു. മുപ്പത്തെട്ടാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് കോമാൻ നൽകിയ കൃത്യമായൊരു ക്രോസ് ചാടി തലക്കൊണ്ട് കുത്തിയ കെയ്ൻ പക്ഷേ ലക്ഷ്യം പിഴച്ചു, നേരിയ വ്യത്യാസത്തിൽ ബാറിനു മുകളിലൂടെ പോകുകയായിരുന്നു. വീണ്ടും വീണ്ടും അറ്റാക്കുകൾ നടത്തിയ ബയേണിന് പക്ഷേ പി.എസ്.ജി ഗോൾകീപ്പർ ഡൊണ്ണാറുമ്മ വില്ലനായ് മാറി. ഹകീമിയെ കടന്ന് ഇടതു വിങ്ങിലൂടെ നിരന്തരം മുന്നേറ്റങ്ങൾ നടത്തി പതിനൊന്നാം നമ്പർ താരം കോമാൻ. മത്സരം ആദ്യ പകുതി പിന്നിട്ട് ആധിക സമയത്തിലേക്ക് കടന്നപ്പോഴായിരുന്നു, ബയേണിന്റെ ഒരു ഗോൾ വരുന്നതും, ആഘോഷം തുടങ്ങിയ ഉടൻ റഫറി ഓഫ് സൈഡ് വിളിക്കുകയും ചെയ്തത്. ആദ്യ പകുതി അവസാനിക്കുന്ന സെക്കൻഡുകൾക്ക് മുന്നെയായിരുന്നു പി.എസ്.ജിയുടെ ബോക്സിൽ നിന്നും പന്ത് എടുക്കാൻ വരുന്ന ഗോൾകീപ്പറെ മറികടന്ന് പന്ത് റാഞ്ചാൻ കുതിച്ചെത്തിയ ബയേൺ താരം മുസിയാല,പക്ഷേ ഡൊണ്ണാറുമ്മയുടെ ദേഹത്ത് തട്ടി, വീഴുകയും, ഗുരുതര പരിക്കോടെ കളം വിടേണ്ടതായും വന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കം തന്നെ ആക്രമണം ശക്തമാക്കിയ ബയേണിനു പക്ഷേ ഭാഗ്യം തുണയായില്ല. പല കിക്കുകളും ലക്ഷ്യം കാണാതെ പുറത്തേക്ക് പോകുകയായിരുന്നു. 69-ാം മിനുട്ടിൽ പി.എസ്.ജിയുടെ ബാർകോളയ്ക്ക് പകരക്കാരനായി പത്താം നമ്പർ താരം ഉസ്മാൻ ഡെമ്പെലെ കളത്തിൽ വരികയും കളിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയുമുണ്ടായി. ആങ്ങനെ ഏറെ നേരത്തെ ഗോൾ വരൾച്ചക്ക് ശേഷം പതിനാലാം നമ്പർ താരം ഡുവെ അടിച്ച തകർപ്പൻ ഷോട്ട് ബയേൺ കീപ്പർ ന്യൂയറെ നോകുക്കുത്തിയാക്കി വലക്കകത്തേക്ക് കയറുകയായിരുന്നു. അൽപ സമയത്തിനു ശേഷം ബയേണിന്റെ ഗൊരെട്സ്കെയെ ഫൗൾ ചെയ്തു വീഴ്ത്തിയ പി.എസ്.ജിയുടെ പാച്ചോ ചുവപ്പു കാർഡ് കിട്ടി പുറത്തേക്ക് പോകുകയും ചെയ്തു. ഒരു ഗോളിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ച ബയേണിന് സന്തോഷിക്കാനായി ഹാരി കെയ്ൻ ഹെഡറിലൂടെ ഗോൾ വലയ്ക്കകത്തേക്കെത്തിച്ചെങ്കിലും റഫറി വീണ്ടും ഓഫ്സൈഡ് വിളിക്കുകയായിരുന്നു. കളിയുടെ 90 മിനുട്ട് പിന്നിടുകയും എക്സട്രാ ടൈംമായി ആറ് മിനുട്ടുകൾ അനുവദിച്ച റഫറി, വീണ്ടും ബയേൺ താരത്തെ ഫൗൾ ചെയ്ത പി.എസ്.ജിയുടെ ഹെർണാണ്ടസിനെതിരെ ചുവപ്പ് കാർഡ് ഉയർത്തുന്നു. 9 പേരായി മാത്രം ചുരുങ്ങിയ പി.എസ്.ജിക്ക് ചെറുതായെങ്കിലും അടിപതറി എന്ന് കരുതിയിരിക്കുന്ന സമയത്തായിരുന്നു രണ്ടാം ഗോളിന്റെ പിറവി. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കുമ്പോൾ കൗണ്ടറിൽ പന്ത് കൈക്കലാക്കിയ ഹകീമി, ബയേണിന്റെ രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച ,പെനാൽട്ടി ബോക്സിനകത്തേക്ക് കടന്ന് ആരും മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന സൂപ്പർ സബ് ഡെമ്പെലെക്ക് പന്ത് കൈമാറുകയും മറ്റൊന്നും ചിന്തിക്കാതെ അടിച്ച് വലയ്ക്കകത്തേക്ക് കയറ്റുകയും ചെയ്തു. രണ്ട് ഗോളിന് മുന്നിട്ടു നിന്ന പി.എസ്.ജി ജയം ഉറപ്പിച്ച നേരത്ത് ബയേണിനനുകൂലമായ് പെനാൽട്ടി ലഭിക്കുകയും, വാർ പരിശോധനയിൽ പെനാൽട്ടി നിഷേധിക്കപ്പെടുകയും ചെയ്തു. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതോടെ ലൂയിസ് എൻറിക്കിന്റെ പി.എസ്.ജി സെമിയിലേക്ക് പ്രവേശിച്ചു.