തിരുവന്തപുരം– ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഭാഗമായി ഉപയോക്താവിന്റെ ഫോണിലെ ഫയലുകളെ തട്ടിയെടുക്കുന്ന എ.പി.കെ ഫയലുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. സര്‍ക്കാര്‍ പദ്ധതികളുടെ മറ്റോ പേരിലായിരിക്കും ഈ ഫയലുകള്‍ തട്ടിപ്പുകാര്‍ ഫോണിലേക്ക് എത്തിക്കുകയെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആരില്‍ നിന്ന് ഇത്തരം ഫയലുകള്‍ വന്നാല്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം മറ്റൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്നും കേരളാ പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച മുന്നറിയിപ്പില്‍ പറയുന്നു.
ഫോണിന്റെ നിയന്ത്രണം മറ്റൊരാള്‍ ഏറ്റെടുക്കുന്നതോടെ ഫോണിലുള്ള ബാങ്കിന്റെ ആപ്ലിക്കേഷനുകള്‍ വഴി അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുമെന്നും കേരളാ പോലീസ് അറിയിച്ചു. ഈ തട്ടിപ്പ് കണ്ണി പിന്നീട് തുടരുക ഉപയോക്താവിന്റെ സുഹൃത്തുക്കള്‍ക്ക് സമൂഹമാധ്യമത്തിലൂടെ എപികെ (apk) ഫയലുകള്‍ അയച്ചു നല്‍കിയാണെന്നും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരളാ പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിലോ https://cybercrime.gov.in വെബ്‌സൈറ്റ് വഴിയോ പോലീസിനെ വിവരമറിയിക്കുക