കൊച്ചി– ഇക്കഴിഞ്ഞ ജൂൺ 28 നായിരുന്നു കൊച്ചിയിലെ മൂന്നു തപാൽ പാഴ്സലുകളിൽ നിന്നായി 280 എൽ.എസ്.ഡി ബ്ലോട്ടുകൾ നാർക്കോട്ടിക് വിഭാഗം പിടിച്ചെടുക്കുന്നത്. ഇതിന്റെ വേരന്വേഷിച്ചിറങ്ങിയ ഉദ്യോഗസ്ഥർ ചെന്നെത്തുന്നത് മൂവാറ്റുപ്പുഴക്കാരനായ എഡിസണിലേക്കായിരുന്നു. അങ്ങനെ, തങ്ങൾ സംശയിക്കുന്നയാൾ തന്നെയാണ് പാഴ്സലിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)കൊച്ചി സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ മെലോണിലൂടെയണ് എഡിസൺ പിടിയിലാവുന്നത്. ഇയാളുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 847 എൽ.എസ്.ഡി ബ്ലോട്ടുകളും, 131.66 ഗ്രാം കെറ്റാമിനും പിടിച്ചെടുക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണങ്ങളിലാണ് ഇയാളുടെ അന്താരാഷ്ട്ര ലഹരിയിടപാടുകൾ പുറത്തു വരുന്നത്.
ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോണിന്റെ സൂത്രധാരനാണ് മുപ്പത്തിയഞ്ചുക്കാരനായ മൂവാറ്റുപുഴ വള്ളക്കാലിൽ മുടിയക്കാട്ടിൽ എഡിസൺ എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇയാളുടെ രാജ്യാന്തര ലഹരി സംഘങ്ങളുമായുള്ള ബന്ധങ്ങളും പുക മറഞ്ഞ് പുറത്തുവന്നു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ വൻ എൽ.എസ്.ഡി വിതരണക്കാരനെന്ന് കുപ്രസിദ്ധരായ ഡോ. സ്യൂസിൻ്റെ ഓൺലൈൻ വിതരണ ശൃംഖലയിൽനിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നും കണ്ടെത്തി.
മെക്കാനിക്കൽ എൻജിനീയർ ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് ഇടപാടിലേക്ക് കടന്നയാളാണ് പിടിയിലായ എഡിസൺ. മെക്കാനിക്കൽ എൻജിനീയറായി ബംഗളൂരു, പുണെ എന്നിവിടങ്ങളിലെ ആഡംബര കാർ കമ്പനിയിൽ ജോലി നോക്കിവരുകയായിരുന്നു ഇയാൾ. രണ്ട് വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാൾ ഡാർക്ക് നെറ്റ് വഴി മയക്കുമരുന്ന് വിൽപന ആരംഭിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോണിലൂടെ ഒരുമാസം കൈകാര്യം ചെയ്തത് 10,000 എൽ.എസ്.ഡി ബ്ലോട്ടുകളാണെന്ന് എൻ.സി.ബി കണ്ടെത്തി.
പ്രതിക്ക് ഒമ്പത് സംസ്ഥാനങ്ങളിലായി ലഹരി ഇടപാടുകളുണ്ടായിരുന്നു. ബംഗളൂരു ആസ്ഥാനമാക്കിയായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തനം. നാലുവർഷമായി ലഹരി ഇടപാട് നടത്തിവരുകയായിരുന്നുവെന്നും രണ്ടുവർഷം മുമ്പാണ് ഡാർക്നെറ്റിലേക്ക് ഇടപാടുകൾ മാറ്റിയതെന്നും, ചെന്നൈ, ഭോപാൽ, പട്‌ന, ഡൽഹി, ഹിമാചൽപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലും ശൃംഖല പ്രവർത്തിച്ചിരുന്നു. വൻതോതിൽ എൽ.എസ്.ഡി സ്റ്റാമ്പുകൾക്ക് ഇയാൾ ഓർഡർ നൽകിയിരുന്നുവെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. 70 ലക്ഷത്തോളം രൂപയുടെ ക്രിപ്റ്റോ കറൻസി ആസ്തികൾ കണ്ടെത്തിയെന്നത് വൻ ഇടപാടുകളിലേക്കാണ് വിരൽചൂണ്ടുന്നത്.
നാട്ടിൽ ആരുമായും അടുപ്പമില്ലാതിരുന്ന എഡിസൺ
നാട്ടിൽ ആരുമായും അടുപ്പമില്ലാതിരുന്ന എഡിസൺ അപൂർവമായേ പുറത്തിറങ്ങിയിരുന്നുള്ളൂവെന്നാണ് നാട്ടുകാരുടെ മൊഴി. നഗരമധ്യത്തിലെ വള്ളക്കാലിൽ ജങ്ഷനു സമീപം തന്നെയാണ് വീടെങ്കിലും സമീപവാസികൾക്കൊന്നും ഇയാളെക്കുറിച്ച് അറിവൊന്നുമില്ല. ഞായറാഴ്ച രാവിലെ നർകോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ വീട്ടിൽ എത്തുമ്പോൾ ഇയാൾ ഉറക്കത്തിലായിരുന്നു. പരിശോധനയിൽ വീട്ടിലെ ഒരുമുറിയിൽ എൽ.എസ്.ഡി, കെറ്റാമിൻ അടക്കമുള്ള വീര്യം കൂടിയ മയക്കുമരുന്നുകൾ കണ്ടെത്തി. മയക്കുമരുന്ന് വിൽപനക്ക് ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ത്രാസ് എന്നിവയും കണ്ടെടുത്തു. പരിശോധനയിൽ വാലറ്റ് അക്കൗണ്ടിൽ ലക്ഷങ്ങളുടെ നിക്ഷേപവും കണ്ടത്തി. സൗമ്യനായ എഡിസൻ നെറ്റിലൂടെയുള്ള മയക്കുമരുന്ന് വിൽപനക്കാരനാണെന്നറിഞ്ഞത് നാട്ടുകാരെ ഞെട്ടിച്ചു. വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ നിരവധി പേരാണ് വള്ളക്കാലിൽ ജങ്ഷനിലെ വീട്ടിലെത്തിയത്.
പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയിരിക്കുന്ന എഡിസണെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുകയാണ് അന്വേഷണസംഘം, വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്നാണ് വിവരം. ഉപഭോക്താക്കളെയടക്കം കണ്ടെത്താനുള്ള ശ്രമമാണ് എൻ.സി.ബി നടത്തുന്നത്. മൂവാറ്റുപുഴയിൽ വാടകക്ക് താമസിക്കുന്ന അരുൺ തോമസ് എന്നയാളെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ എഡിസൻ്റെ സഹായിയാണെന്നാണ് സൂചന.