ജിദ്ദ – അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ മന്ത്രിയുടെ ഭീഷണിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന്‍ പ്രദേശത്തിനു മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന ഇസ്രായില്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അത്തരം നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവന പറഞ്ഞു. ഫലസ്തീന്‍ ഭൂമിയില്‍ ജൂത കുടിയേറ്റം വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.
വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായില്‍ പരമാധികാരം പ്രയോഗിക്കേണ്ട സമയം സമാഗതമായതായി ഇസ്രായില്‍ നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ പ്രസ്താവിച്ചതിനു പിന്നാലെയാണ് ഇതിനെ അപലപിച്ച് സൗദി അറേബ്യ രംഗത്തെത്തിയത്. 1967 ല്‍ ഇസ്രായില്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും കൈവശപ്പെടുത്തുകയും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമെന്ന് കണക്കാക്കപ്പെടുന്ന ഡസന്‍ കണക്കിന് ജൂത കുടിയേറ്റ കോളനികള്‍ പ്രദേശത്തുടനീളം നിര്‍മിക്കുകയും ചെയ്തു. ന്യായമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തികളില്‍ ഫസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, മാസാവസാനം നെസെറ്റ് (ഇസ്രായില്‍ പാര്‍ലമെന്റ്) ഇടവേളക്ക് പിരിയുന്നതിനു മുമ്പായി അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയിലെ കാബിനറ്റ് മന്ത്രിമാര്‍ ബുധനാഴ്ച ആവശ്യപ്പെട്ടു. ഹമാസുമായുള്ള 60 ദിവസത്തെ ഗാസ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി ഈയാവശ്യമുന്നയിച്ച് മന്ത്രിമാര്‍ നെതന്യാഹുവിന് നിവേദനം നല്‍കി. 15 കാബിനറ്റ് മന്ത്രിമാരും ഇസ്രായില്‍ പാര്‍ലമെന്റായ നെസെറ്റിന്റെ സ്പീക്കര്‍ അമീര്‍ ഒഹാനയും നിവേദനത്തില്‍ ഒപ്പുവെച്ചു.
നെതന്യാഹുവിന്റെ ദീര്‍ഘകാല വിശ്വസ്തനും സ്ട്രാറ്റജിക് കാര്യ മന്ത്രിയുമായ റോണ്‍ ഡെര്‍മര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല. ഇറാനെയും ഗാസയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇദ്ദേഹം തിങ്കളാഴ്ച മുതല്‍ വാഷിംഗ്ടണിലാണ്.
ജൂഡിയയിലും സമരിയയിലും ഇസ്രായിലിന്റെ പരമാധികാരവും നിയമവും ഉടനടി പ്രയോഗിക്കണമെന്ന് ഞങ്ങള്‍ മന്ത്രിമാരും നെസെറ്റ് അംഗങ്ങളും ആവശ്യപ്പെടുന്നു – 1967 ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രായില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിന്റെ ബൈബിള്‍ പേരുകള്‍ ഉപയോഗിച്ച് നിവേദനത്തില്‍ അവര്‍ പറഞ്ഞു. ഇറാനും ഇറാന്റെ സഖ്യകക്ഷികള്‍ക്കും എതിരെ ഇസ്രായില്‍ നേടിയ സമീപകാല വിജയങ്ങളും, യു.എസുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ട്രംപിന്റെ പിന്തുണയും നല്‍കുന്ന അവസരവും അനുകൂല കാലാവസ്ഥയാണെന്ന് നിവേദനം പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലിനെതിരായ ഹമാസ് നേതൃത്വത്തിലുള്ള ആക്രമണം, ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനൊപ്പം ജൂത കുടിയേറ്റ ബ്ലോക്കുകള്‍ എന്ന ആശയം ഇസ്രായിലിന് അസ്തിത്വ ഭീഷണി ഉയര്‍ത്തുന്നുവെന്ന് തെളിയിച്ചതായി നിവേദനം പറഞ്ഞു. കര്‍ത്തവ്യം പൂര്‍ത്തിയാക്കണം, അസ്തിത്വ ഭീഷണി ഉള്ളില്‍ നിന്ന് നീക്കം ചെയ്യണം, രാജ്യത്തിന്റെ ഹൃദയഭാഗത്ത് മറ്റൊരു കൂട്ടക്കൊല തടയണം – നിവേദനത്തില്‍ മന്ത്രിമാര്‍ പറയുന്നു.
ഫലസ്തീന്‍ സമൂഹങ്ങളെ പരസ്പരം വിച്ഛേദിക്കുന്ന വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കോളനികളെ മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായികണക്കാക്കുന്നു. ഇസ്രായിലി കുടിയേറ്റങ്ങളുടെയും റോഡുകളുടെയും ഓരോ പുരോഗതിയോടെയും വെസ്റ്റ് ബാങ്ക് കൂടുതല്‍ വിഘടിക്കപ്പെടുന്നു. മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയില്‍ ഫലസ്തീനികള്‍ക്ക് ദീര്‍ഘകാലമായി വിഭാവനം ചെയ്ത പരമാധികാര രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുന്ന നിലക്ക് തുടര്‍ച്ചയായ ഭൂമിയുടെ സാധ്യതകളെ ഇത് കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു. ഫലസ്തീനികള്‍ ഗാസ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയത് ഇസ്രായിലിലെ ജൂത കുടിയേറ്റ അനുകൂല രാഷ്ട്രീയക്കാരെ ധൈര്യപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ നിര്‍ദേശത്തെ നിരവധി ലോക രാജ്യങ്ങള്‍ വ്യാപകമായി അപലപിച്ചിട്ടുണ്ട്.