സമോറ: പോർച്ചുഗീസ് ഫുട്‌ബോളർ ഡിയോഗോ ജോട്ട (28) കാറപകടത്തിൽ കൊല്ലപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനു വേണ്ടി കളിക്കുന്ന ജോട്ട സ്‌പെയിനിലെ സമോറയിലാണ് അപകടത്തിൽ പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഫുട്‌ബോളറായ സഹോദരൻ ആന്ദ്രേ ജോട്ടയും (26) മരിച്ചിട്ടുണ്ട്. പോർച്ചുഗൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ പെനാഫിലിൽ ആണ് ആന്ദ്രേ ജോട്ട കളിച്ചിരുന്നത്.
ഇന്നു പുലർച്ചെ പ്രാദേശിക സമയം 12.30 ഓടെ ജോട്ട സഹോദരൻമാർ സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ ഊരിത്തെറിക്കുകയും മറിഞ്ഞ കാർ തീപിടിക്കുകയുമായിരുന്നുവെന്ന് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്തു. സ്‌പെയിനിലെ വയ്യദോളിഡ് നഗരത്തിൽ നിന്ന് 70 മൈൽ അകലെ വെച്ചാണ് സംഭവം. റോഡിൽ നിന്നു പുറത്തേക്ക് തെറിച്ച കാർ പലതവണ മറിയുകയും തീപിടിക്കുകയും ചെയ്തു. അഗ്നിശമന സംവിധാനങ്ങളും പൊലീസും സ്ഥലത്തെത്തും മുമ്പുതന്നെ സഹോദരന്മാർ മരണത്തിന് കീഴടങ്ങിയിരുന്നു.
ദീർഘകാല സൂഹൃത്ത് റൂത്ത് കർദോസോയെ വിവാഹം ചെയ്ത് രണ്ടാഴ്ചക്കുള്ളിലാണ് ഡിയോഗോയുടെ മരണം. ദീർഘകാലമായി ഒന്നിച്ചു താമസിക്കുന്ന ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
പോർച്ചുഗൽ കിരീടം നേടിയ യുവേഫ നാഷൻസ് ലീഗിൽ കളിച്ച ജോട്ട, ഫൈനലിൽ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. 105-ാം മിനുട്ടിൽ പെഡ്രോ നെറ്റോയ്ക്കു പകരക്കാരനായാണ് താരം കളിച്ചത്. ടൂർണമെന്റിനു ശേഷം അവധിക്കാലം ആഘോഷിക്കുന്നതിനു വേണ്ടിയാണ് സ്പെയിനിൽ പോയത് എന്നാണ് വിവരങ്ങൾ.
ഡിയോഗോ ജോസ് ടെക്സൈറ ഡ സിൽവ എന്ന ഡിയോഗോ ജോട്ട 1996 ഡിസംബർ 4-ന് പോർട്ടോയിലെ മസ്സാരെലോസിലാണ് ജനിച്ചത്. മികച്ച ഫിനിഷിങ്, വേഗത, ഡ്രിബ്ലിങ് കഴിവുകൾ എന്നിവയിലൂടെ ഫുട്ബോൾ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച താരം പോർച്ചുഗലിന്റെയും ലിവർപൂളിന്റെയും പ്രധാന താരങ്ങളിലൊരാളാണ്.
പോർച്ചുഗലിലെ ഗോണ്ടോമർ എസ്.സിയിൽ യുവ ടീമിൽ കളിച്ചാണ് ജോട്ട തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 2014-ൽ പസോസ് ഡി ഫെറെയ്‌റയിൽ പ്രൊഫഷണൽ കരിയർ തുടങ്ങി, അവിടെ 2015-ൽ അക്കാദമിക്ക ഡി കോയിംബ്രയ്‌ക്കെതിരെ രണ്ട് ഗോളുകൾ നേടി ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാറി. 2016-ൽ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും, അവിടെ മത്സരങ്ങൾ കളിക്കുന്നതിനു മുമ്പുതന്നെ എഫ്.സി. പോർട്ടോയിലേക്ക് (2016) ലോണിൽ പോയി, പിന്നീട് 2017-ൽ വോൾവറിന്റ്റൺ വാണ്ടറേഴ്സിലേക്കും (വോൾവ്സ്) ലോണിൽ ചേർന്നു. വോൾവ്സിനെ പ്രീമിയർ ലീഗിലേക്ക് ഉയർത്തുന്നതിൽ 17 ഗോളുകൾ നേടി നിർണായക പങ്കുവഹിച്ച താരം, 2018-ൽ 14 മില്യൺ യൂറോയ്ക്ക് ക്ലബ്ബിൽ സ്ഥിരം കരാർ നേടി.
2020-ൽ 41 മില്യൺ പൗണ്ടിന് ലിവർപൂൾ എഫ്.സിയിലേക്ക് ചേക്കേറിയ ജോട്ട, യുർഗൻ ക്ലോപ്പിന്റെ കീഴിൽ ടീമിന്റെ ആക്രമണനിരയിൽ നിർണായക സാന്നിധ്യമായി മാറി. 2020-21 സീസണിൽ 19 ഗോളുകൾ നേടി, മുഹമ്മദ് സല, സാദിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം ലിവർപൂളിന്റെ ആക്രമണത്തിൽ പ്രധാനിയായി. 2022-ൽ ലിവർപൂളുമായി 2027 വരെ കരാർ നീട്ടി.
2019-ൽ പോർച്ചുഗൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ജോട്ട, 2019, 2025 യുവേഫ നേഷൻസ് ലീഗ് വിജയങ്ങളിൽ പങ്കാളിയായി. 2020-ൽ ക്രൊയേഷ്യയ്‌ക്കെതിരെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. ഈ വർഷം പോർച്ചുഗലിനു വേണ്ടി അഞ്ച് മത്സരങ്ങൾ താരം കളിച്ചിരുന്നു.
178 സെ.മീ ഉയരവും 70 കിലോ ഭാരവുമുള്ള ജോട്ട, സ്‌ട്രൈക്കർ, ഇടത് വിങർ, അറ്റാക്കിങ് മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിലാണ് മികവ് പുലർത്തിയിരുന്നത്. വേഗത, ബോൾ കൺട്രോൾ, ഗോളിനു മുന്നിൽ പുലർത്തുന്ന ആത്മനിയന്ത്രണം എന്നിവ ജോട്ടയെ അപകടകാരിയാക്കിയിരുന്നു. ഇരുകാലുകളും ഉപയോഗിച്ച് ഗോളടിക്കാനുള്ള കഴിവും, എതിരാളികളെ ഡ്രിബിൾ ചെയ്യാനുള്ള മികവും താരത്തെ വേറിട്ടു നിർത്തി.
സ്കൂൾ കാലം മുതൽ സൗഹൃദമുള്ള റൂത്ത് കാർദോസോയുമായി ജൂൺ 22-നാണ് ഈയിടെയാണ് ജോട്ട വിവാഹം ചെയ്തത്. ദീർഘകാലമായി ഒന്നിച്ചു ജീവിക്കുന്ന ഇവർക്ക് മൂന്ന് മക്കളാണ്.