റയൽ മാഡ്രിഡ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ പരാജയപ്പെടുത്തി അവസാന എട്ടിൽ എത്തിയതോടെ, 2025 ഫിഫ ക്ലബ് ലോക കപ്പിന്റെ ക്വാർട്ടർ ഫൈനലിന്റെ പൂർണ രൂപം തെളിഞ്ഞിരിക്കുകയാണ്. മുമ്പുള്ള ദിവസങ്ങളിലായി പ്രീ ക്വാർട്ടറിലെ മറ്റു മത്സരങ്ങളും അവസാനിച്ചതോടെ, ജൂലൈ അഞ്ച് ശനിയാഴ്ച മുതൽ ക്വാർട്ടർ ഫൈനൽ ആരംഭിക്കും.
ക്വാർട്ടറിലെ ആദ്യ മത്സരം ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസ് എഫ്.സിയും സൗദി ക്ലബായ അൽ ഹിലാലും തമ്മിലാണ്. ഇന്ത്യൻ സമയം ശനിയാഴ്ച അർധരാത്രി 12 മണിക്കായിരിക്കും മത്സരം ആരംഭിക്കുക. മറ്റൊരു മത്സരം ബ്രസീലിയൻ ക്ലബായ പാൽമിറാസും ഇംഗ്ലീഷ് ക്ലബായ ചെൽസിയും തമ്മിലാണ്. സീസണിലെ പ്രധാന ആകർഷണമായ റിയൽ മാഡ്രിഡ്, ബൊറൂസിയ ഡോർട്മുണ്ടിനെയും, ബയേൺ മ്യൂണിക്, പിഎസ്ജിയെയും നേരിടും.
ഫുട്ബോളിന്റെ ഈറ്റില്ലമായി കണക്കാക്കിയിരുന്ന യൂറോപ്പിലെ ക്ലബുകളെ തോൽപ്പിച്ച് രണ്ട് ബ്രസീലിയൻ ടീമുകളും ഒരു സൗദി ടീമും ആണ് ഫിഫ ക്ലബ് ലോക കപ്പിലെ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരിക്കുന്നത്. ഇതിൽ സൗദി ടീമായ അൽ ഹിലാൽ യൂറോപ്പിലെ തന്നെ മുൻ നിര ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചാണ് ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. ഫ്ലുമിനെൻസ് ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇൻറർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. ആയതിനാൽ ഇക്കുറി ചാമ്പ്യന്മാരെ പ്രവചിക്കുമ്പോൾ യൂറോപ്പ്യൻ ക്ലബുകൾക്ക് പുറത്ത് നിന്നും ആലോചന വേണ്ടി വരും.