കൊച്ചി- കേരള മാപ്പിള കലാഭവൻ എല്ലാ വർഷവും നൽകി വരുന്ന സുവർണ തൂലികാ പുരസ്കാരം എഴുത്തുകാരനും ഫാറൂഖ് കോളേജ് മലയാള വിഭാഗം വകുപ്പദ്ധ്യക്ഷനുമായ ഡോ. അസീസ് തരുവണയ്ക്ക്. ‘മാപ്പിളപ്പാട്ട് ഒരു സംവാദം’ എന്ന കൃതിക്കാണ് പുരസ്കാരം. മാപ്പിളപ്പാട്ട്, അറബി-മലയാളം, കേരളീയ നവോത്ഥാനത്തിൽ മാപ്പിളപ്പാട്ട് വഹിച്ച പങ്ക്, സിനിമയിലും നാടകത്തിലും മാപ്പിള പ്പാട്ട് ഉപയോഗപ്പെടുത്തിയ വിധം, മാപ്പിളപ്പാട്ടിന്റെ തനിമ, മാപ്പിളപ്പാട്ടിന് കനത്ത സംഭാവനകൾ അർപ്പിച്ച വ്യക്തികൾ, മാപ്പിളപ്പാട്ടു രചയിതാക്കളായ സ്ത്രീകൾ തുടങ്ങി മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന വിഷയങ്ങൾ ആഴത്തിൽ ചർച്ചചെയ്യുന്ന എം.എൻ കാരശ്ശേരിയുമായി നടത്തിയ ദീർഘ സംഭാഷണമാണ് ഈ കൃതി. ഫിംഗർ ബുക്സാണ് പ്രസാധകർ.


പുരസ്‌കാര സമർപ്പണവും വിദ്യാഭ്യാസ സെമിനാറും നാളെ (ജൂലൈ നാല്) കളമശേരി സീപാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. നാലിന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ഇൻഫർമേഷൻ കേരള മിഷൻ കെസ്‌മാർട്ട് ജോയിന്റ് ഡയറക്‌ടർ, ടിമ്പിൾ മാഗി ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ അഡ്വ: കെഎൻഎ ഖാദർ, മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇ പി ജോൺസൺ, റോട്ടറി ക്ലബ് കളമശ്ശേരി പ്രസിഡന്റ് അശോക് നായർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കേരള മാപ്പിള കലാഭവൻ സിഇഒ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ അറിയിച്ചു.