ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ടേക്ക് ഓഫിനിടെ ഗുരുതരമായ പിഴവ് വരുത്തിയ രണ്ട് പൈലറ്റുമാരെ എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു. ഡൽഹിയിൽ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്കു പറന്ന ബോയിങ് 777 വിമാനത്തിന്റെ പൈലറ്റുമാരെയാണ് അന്വേഷണ വിധേയമായി മാറ്റിനിർത്തിയിരിക്കുന്നത്. പറന്നുയരുന്നതിനിടെ വിമാനത്തിന് പ്രതീക്ഷിച്ച ഉയരം കൈവരിക്കാൻ കഴിയാതിരുന്നത് ആശങ്കയ്ക്കു കാരണമായെങ്കിലും കുഴപ്പങ്ങളില്ലാതെ യാത്ര പൂർത്തിയാക്കുകയും വിയന്നയിൽ ഇറക്കുകയും ചെയ്തിരുന്നു.
ജൂൺ 14-ന് പുലർച്ചെ മൂന്നു മണിക്ക് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ നിന്ന് പറന്നുയർന്ന എഐ 187 വിമാനമാണ് ഭയപ്പാട് സൃഷ്ടിച്ചത്. മോശം കാലാവസ്ഥയ്ക്കിടെ പറന്നുയർന്ന വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാൻ കഴിഞ്ഞില്ല. ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ഫസ്റ്റ് ക്യാപ്ടനും കോ പൈലറ്റും വിമാനത്തെ സുരക്ഷിതമായി ഉയർത്തുകയും യാത്ര തുടരുകയും ചെയ്തു. സംഭവത്തെപ്പറ്റി പൈലറ്റുമാർ എയർ ഇന്ത്യയെ അറിയിക്കുകയും വിമാനക്കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) റിപ്പോർട്ട് നൽകുകയും ചെയ്തു.
അന്വേഷണം പൂർത്തിയാകുന്നതുവരെ പൈലറ്റുമാരെ റോസ്റ്ററിൽ നിന്ന് നീക്കാൻഡിജിസിഎയാണ് ഉത്തരവിട്ടത്. എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണം പൂർത്തിയായെന്നും ഡിജിസിഎ അന്വേഷണം നടത്തിവരികയാണെന്നും എയർ ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദുരന്തകാരണമായ അതേ മോഡൽ വിമാനം…
അഹമ്മദാബാദിൽ പറന്നുയരുന്നതിനിടെ ആവശ്യമായ ഉയരം ലഭിക്കാതിരുന്നതിനെ തുടർന്നാണ് ബോയിങ് 777 ഡ്രീംലൈനർ വിമാനം ദുരന്തത്തിൽ പെട്ടതും 241 പേർക്ക് ജീവൻ നഷ്ടമായതും. ഇതേത്തുടർന്ന് ഈ ഗണത്തിലുള്ള വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് നിർദേശം ഉയർന്നിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ എയർ ഇന്ത്യയുടെ ബോയിങ് വിമാനങ്ങൾ പറക്കാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതു വരെ എയർ ഇന്ത്യയുടെ ബോയിങ് ഗണത്തിലുള്ള എല്ലാ വിമാനങ്ങളും സർവീസിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അജയ് ബൻസൽ ആണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം ആവശ്യപ്പെടുന്നതെന്ന് ഹർജിയിൽ പറഞ്ഞു. എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി യാത്രാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
മെയ് 25-ന് താനും ഭാര്യയും എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് യാത്ര ചെയ്തപ്പോൾ ബിസിനസ് ക്ലാസിലെ സീറ്റുകൾ പ്രവർത്തനരഹിതമായിരുന്നുവെന്നും എന്റർടെയ്ൻമെന്റ് സിസ്റ്റം കേടായിരുന്നുവെന്നും എസി പ്രവർത്തിച്ചിരുന്നില്ലെന്നും അഡ്വ. അജയ് ബൻസൽ ഹർജിയിൽ പറഞ്ഞു.