തിരുവനന്തപുരം – മലയാളി ദമ്പതികളും അധ്യാപികയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചത് അന്ധവിശ്വാസത്തിന്റെ പേരിലുള്ള പ്രലോഭനങ്ങളെ തുടര്‍ന്നെന്ന് സൂചന. എന്നാല്‍ എന്തിനാണ് ഇവര്‍ കേരളത്തില്‍ നിന്ന് അരുണാചലിലെത്തി മരണം വരിച്ചതെന്നതിനെ സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. പരലോകമുണ്ടെന്നും അവിടെ ആളുകള്‍ ജീവിക്കുന്നുണ്ടെന്നും അവിടെപ്പോയി ജീവിക്കാമെന്നും പറഞ്ഞ് ആയുര്‍വേദ ഡോക്ടറായ നവീന്‍ ഭാര്യയെയും സുഹൃത്തായ ആര്യയെയും പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും അതില്‍ ഇവര്‍ വീണു പോകുകയോയിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ദുര്‍മന്ത്രവാദ വെബ്‌സൈറ്റുകള്‍ ഇവര്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നതായി സൂചനയുണ്ട്.
അധ്യാപികയായ വട്ടിയൂര്‍കാവ് ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) ആയുര്‍വേദ ഡോക്ടറായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39) ഭാര്യ വട്ടിയൂര്‍കാവ് മൂന്നാംമൂട് അഭ്രകുഴി ദേവി (41) എന്നിവരെയാണ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയെ ഏതാന്ും ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്ന് കാണാതായിരുന്നു.
നവീനും ദേവിയും ഒന്നര വര്‍ഷം മുമ്പും അരുണാചലിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അന്ന് ഒരാഴ്ച ഇവരെ കാണാതാരിരുന്ന സമയത്താണ് വീട്ടുകാര്‍ അന്വേഷിച്ചത്. കുടുംബാംഗങ്ങളോട് പറയാതെയായിരുന്നു ദമ്പതികളുടെ യാത്ര. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ദേവിയുടെ വീട്ടുകാര്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ദമ്പതികള്‍ വീട് വിട്ടിറങ്ങുകയായിരുന്നു. ഒരു വര്‍ഷമായി കോട്ടയത്തെ നവീന്റെ വീട്ടില്‍ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ല. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചത്.
ആര്യയുടെ മൃതദേഹത്തില്‍ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരിക്കേറ്റത്. ദേവിയുടെയും കൈകളിലും മുറിവേറ്റിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയില്‍ നിന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗര്‍ പൊലീസ് സംശയം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയ നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് ആര്യയെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കാണാതായത്. ഇവര്‍ മൂവരും ഒരുമിച്ചാണ് ഗുവാഹത്തിയിലേക്ക് വിമാനത്തില്‍ കയറിയത്. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പൊതുവെ അന്തര്‍മുഖരായിരുന്നു. അധികമാരോടും അടുപ്പം കാണിച്ചിരുന്നില്ല. ആര്യക്ക് നിരന്തരം വിവാഹാലോചനകള്‍ വന്ന് കൊണ്ടിരുന്നു. എന്നാല്‍ സുഹൃത്തായ ദേവിയുടെ അഭിപ്രായ പ്രകാരം എല്ലാം നിരസിക്കുകയായിരുന്നു. ഒടുവില്‍ ബന്ധുക്കളുടെ ശക്തമായ നിര്‍ബന്ധം കൊണ്ടാണ് അടുത്തിടെ വിവാഹത്തിന് സമ്മതിച്ചത്. അടുത്ത മാസം ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് ആര്യ നവീനും ദേവിക്കുമൊപ്പം അരുണാചലിലേക്ക് പോയത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും വളരെ വിദൂരത്തിലുള്ള ഇറ്റാനഗറിലെ സിറോ എന്ന സ്ഥലം മൂവര്‍ സംഘം മരണത്തിനായി തെരഞ്ഞെടുത്തു എന്നതില്‍ വ്യക്തതയില്ല.
ഹണിമൂണ്‍വാലി എന്നറിയിപ്പെടുന്ന ഈ സ്ഥലം രാജ്യാതിര്‍ത്തി ഗ്രാമമാണ്. സ്ഥലം ആരെങ്കിലും നിര്‍ദ്ദേശിച്ചത് കൊണ്ടോ അതോ സ്വയം തെരഞ്ഞെടുത്തതോ എന്നത് വ്യക്തമായിട്ടില്ല. ഇവരുടെ സംഘത്തില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും വ്യക്തമല്ല. 17നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടില്‍ നിന്നിറങ്ങുന്നത്. 27നാണ് ആര്യയെയും കൂട്ടി സംഘം അരുണാചലിലേക്ക് പോയത്. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത് നവീനാണ്. പത്ത് ദിവസം എടുത്തത് മരിക്കാനുള്ള തയ്യാറെടുപ്പിനാകാം എന്നാണ് കരുതുന്നത്. മൂവരുടേയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും. ഇവ പരിശോധിച്ചാലോ സംശയങ്ങള്‍ക്കെല്ലാം വ്യക്തത വരൂ. ബന്ധുക്കള്‍ക്കൊപ്പം വട്ടിയൂര്‍ക്കാവ് എസ് ഐയും ഇന്ന് അരുണാചലിലെത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വൈകാതെ നാട്ടിലെത്തിക്കും. വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.