കല്പറ്റ: യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി പ്രിയങ്കയുമൊത്ത് വയനാട്ടിൽ റോഡ് ഷോ നടത്തി. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യുഡിഎഫ് സ്ഥാനാർഥി കൂടിയായ രാഹുൽ വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ട്.
രാവിലെ 10.40-ഓടെ മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ രാഹുലിനും പ്രിയങ്കയ്ക്കും വലിയ വരവേൽപ്പാണ് പ്രവർത്തകർ നല്കിയത്. തുടർന്ന് മേപ്പാടിയിൽനിന്ന് തുറന്ന വാഹനത്തിൽ കല്പറ്റയിലെത്തിയ ശേഷമാണ് മെഗാറോഡ്ഷോയിൽ പങ്കെടുത്തത്. ഇരുവർക്കുമൊപ്പം പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ സി വേണുഗോപാലും മറ്റ് നേതാക്കളും തുറന്ന വാഹനത്തിലുണ്ടായിരുന്നു.
പത്രികാസമർപ്പണത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയാണ് അരങ്ങേറിയത്. വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും കല്പറ്റയിൽ എത്തി.
ഉച്ചയ്ക്ക് 12 മണിയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിച്ചു. വൈകുന്നേരം അദ്ദേഹം മടങ്ങും.