ജിദ്ദ– റോയൽ എഫ്.സി ജിദ്ദ സംഘടിപ്പിച്ച ഒന്നാമത് റോയൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഏകപക്ഷീമായ ഒരു ഗോളിന് സഫ ട്രേഡിങ്ങ് ബാഹ് എഫ്‌സിയെ തോൽപ്പിച്ച് വീകെന്റ് എഫ്.സി ജേതാക്കളായി. ആറാഴ്ച നീണ്ടുനിന്ന ടൂർണമെന്റിൽ അഞ്ചു ടീമുകൾ മാറ്റുരച്ചു. ആവേശകരമായ ലീഗ് റൗണ്ട് കൂടുതൽ പോയിന്റുകൾ നേടിയാണ് വീകെന്റ് എഫ്സിയും സഫ ട്രേഡിങ്ങ് ബാഹ് എഫ്സിയും ഫൈനലിൽ പ്രവേശിച്ചത്. വീകെൻറ് എഫ്.സിയുടെ പ്രതിരോധ നിരയിലെ കരുത്തുറ്റ കവചം ആഷിഖാണ് മാൻ ഓഫ് ദി മാച്ച്.
ടൂർണമെന്റിൽ നാല് ഗോളുകൾ വീതം നേടി സഫ ട്രേഡിങ്ങ് ബാഹ് എഫ്.സിയുടെ നദീം നാസറും ഹാഫ്‌കോ യുണൈറ്റഡിന്റെ യാസീൻ മേലാതും ടോപ് സ്കോറർമാരായി. വീകെൻറ് എഫ്.സിയുടെ അഷ്ഫാഖ് അഞ്ചില്ലനാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. ഒരു കാർഡുപോലും ലഭിക്കാതെ അച്ചടക്കത്തോടെ കളിച്ച ബ്ലാക്ക് ഹോക്സ്, ഫെയർ പ്ലേ അവാർഡ് നേടി.
ടൂർണമെന്റിന്റെ സമാപനച്ചടങ്ങിൽ സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര മുഖ്യാതിഥിയായി. ടെക്നിക്കൽ കമ്മിറ്റി അംഗം റൗഫ് കരുമാരയാണ് ചടങ്ങു നിയന്ത്രിച്ചത്. റോയൽ ഫിസി പ്രസിഡന്റ് റഷാദ് കരുമാര സ്വാഗതവും ട്രഷറർ നാഫി കുപ്പനത്ത് നന്ദിയും പറഞ്ഞു.

