തൃശൂര്‍ – പുതിയ വീട്ടില്‍ താമസം തുടങ്ങിയതിന്റെ സന്തോഷം മായുംമുമ്പാണ് അതിഥി തൊഴിലാളിയുടെ ക്രൂരതയില്‍ ടി ടി ഇ വിനോദിന്റെ ജീവന്‍ പൊലിഞ്ഞത്. എറണാകുളം മഞ്ഞുമ്മലില്‍ നിര്‍മ്മിച്ച പുതിയ വീട്ടില്‍ കഴിഞ്ഞ മാസം 27 നാണ് വിനോദ് താമസം തുടങ്ങിയത്. അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിച്ചത്.
ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി ഒഡീഷാ സ്വദേശിയായ രജനികാന്ത ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് ചവിട്ടി താഴെയിട്ടത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനാല്‍ പിഴ ഒടുക്കണമെന്ന് പറഞ്ഞപ്പോള്‍ വാതിലിനരികില്‍ നിന്നിരുന്ന രജനീകാന്ത വിനോദിനെ ചവിട്ടി പുറത്തേക്ക് വീഴ്ത്തുകയായിരുന്നു. പാളത്തില്‍ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിര്‍ ദിശയില്‍ വന്ന ട്രെയിന്‍ കയറുകയായിരുന്നു.
വിനോദ് റെയില്‍വേ ജോലിയില്‍ മാത്രമല്ല കലാരംഗത്തും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം പുലിമുരുകനിലും വിനോദ് വേഷമിട്ടു. ചെറുപ്പംമുതലേ അഭിനയത്തില്‍ അതീവ തത്പരനായിരുന്നു വിനോദ്. നാടകമായിരുന്നു ഇഷ്ട ഇനം. പിന്നെ മിമിക്രി. രണ്ടിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. റെയില്‍വേയില്‍ ടിടിഇ ആയി ജോലി ആരംഭിച്ചപ്പോഴും സിനിമാ മോഹം ഉള്ളില്‍ക്കൊണ്ടു നടക്കുകയായിരുന്നു വിനോദ്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച സംവിധായകന്‍ ആഷിഖ് അബു വഴിയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഗ്യാങ്സ്റ്റര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി വേഷമിട്ടു. പിന്നെ തുടരെ ചിത്രങ്ങള്‍. വില്ലാളിവീരന്‍, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍യു, അച്ഛാ ദിന്‍, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, ലൗ 24*7, പുലിമുരുകന്‍, രാജമ്മ@യാഹു, വിക്രമാദിത്യന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. ഒപ്പം സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഡി വൈ എസ് പിയായിട്ടാണ്.
തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്ന് രജനീകാന്ത പോലീസിനോട് പറഞ്ഞു. രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.