തിരുവനന്തപുരം– കഴിഞ്ഞ ദിവസം ടാഗോർ തിയറ്ററിൽ നടന്ന് ജിഎസ്ടി ദിനാഘോഷ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ നടൻ മോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ടതും ശേഷം നടൻ നൽകിയ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. തിരക്കിനിടയിൽ ഉന്തിലും തള്ളിലും പെട്ട് ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് അബദ്ധവശാൽ മൈക്ക് കണ്ണിൽ തട്ടുകയായിരുന്നു.
“എന്താ മോനെ, ഇത് കണ്ണല്ലേ” എന്നായിരുന്നു നടന്റെ ആദ്യ പ്രതികരണം. ശേഷം “നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ട്” എന്ന് പറഞ്ഞായിരുന്നു കാറിൽ കയറിയത്. ചടങ്ങ് അവസാനിച്ച ശേഷം പുറത്തിറങ്ങിയ മോഹൻലാലിനോട് പ്രധാനമായും ചോദിച്ചത്, മകൾ വിസ്മയയുടെ സിനിമയിലേക്കുള്ള രംഗപ്രവേശത്തെ കുറിച്ചാണ് ചോദിച്ചത്. ഒന്നും പറയാനില്ല എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു നീങ്ങുന്നതിനിടെയാണ് മോഹൻലാലിന്റെ കണ്ണിൽ മൈക്ക് തട്ടിയത്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചിരുന്നു.
കണ്ണിൽ മൈക്ക് തട്ടിയതിന് ശേഷം കണ്ണിൽ നിന്ന് നിരന്തരം വെള്ളം വരികയും, മോഹൻലാൽ അത് തുടച്ചുകൊണ്ടിരിക്കുകയുമായിരുന്നു. പിന്നീട് നടന്ന ഷൂട്ടിനിടയിലും ഇത് തുടർന്നെന്നും കണ്ണിന് വേദനയുണ്ടായിരുന്നെന്നും മോഹൻലാലിന്റെ സുഹൃത്തായ സനിൽ കുമാർ വെളിപ്പെടുത്തി. ഇന്ന് രാവിലെ വരെയും അസ്വസ്ഥത ഉണ്ടായിരുന്നെന്നും സനിൽ കുമാർ കൂട്ടിചേർത്തു.
എന്നാൽ, കണ്ണിൽ മൈക്ക് തട്ടാൻ കാരണക്കാരനായ മാധ്യമപ്രവർത്തകന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉയർന്നത്. സ്ഥിതി മാറിയതോടെ മാധ്യമ പ്രവർത്തകന്റെ ഫോണിലേക്ക് മോഹൻലാൽ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു എന്ന് സനിൽ കുമാർ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ കുറ്റപ്പെടുത്തൽ അതിരുകടന്നപ്പോൾ മാധ്യമപ്രവർത്തകന്റെ നമ്പർ കണ്ടെത്തുകയും വിളിച്ച് ആശ്വസിപ്പിക്കുകയും, ഫോൺ വെക്കാൻ നേരം “നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ട്” എന്ന ഡയലോഗ് തമാശക്ക് ഒന്നൂടെ ആവർത്തിക്കുകയും ചെയ്തു.