മനാമ– ബഹ്‌റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25 വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള സര്‍വീസാണ് റദ്ദ് ചെയ്തിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വലിയൊരു തിരിച്ചടിയാണ് വിമാന സര്‍വീസ് റദ്ദാക്കിയത്. ചൊവ്വ മുതല്‍ ശനിവരെ ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന IX 145, IX 146 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും ഡല്‍ഹി വഴി കണക്ഷന്‍ ഫ്‌ളൈറ്റ് മാര്‍ഗമുള്ളതുകൊണ്ട് മലയാളികളടക്കം നിരവധി പ്രവാസികള്‍ ആശ്രയിച്ചിരുന്ന ഈ റൂട്ടിലെ സര്‍വീസ് റദ്ദാക്കിയ തീരുമാനം വലിയ തിരിച്ചടിയാണ്.
കൊമേഴ്ഷ്യല്‍ റീസണാണ് സര്‍വീസ് റദ്ദ് ചെയ്യാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചത്. സര്‍വീസുകളില്‍ നിന്നുളള വരുമാനം ചെലവിനേക്കാള്‍ കുറവാകുമ്പോഴാണ് ഇത്തരത്തില്‍ റദ്ദ് ചെയ്യുന്നത്. എന്നാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ സര്‍വീസുകളെങ്കിലും ഈ റൂട്ടില്‍ നടത്താനുള്ള ശ്രമത്തിലാണെന്നും അതിനായുള്ള നിര്‍ദേശങ്ങള്‍ എയര്‍ലൈന്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്ന് എംബസി അധികൃതര്‍ അറിയിച്ചു. നിലവില്‍ എക്‌സ്പ്രസിന് പുറമെ ഗള്‍ഫ് എയര്‍ ദിവസവും രണ്ട് സര്‍വീസ് ഡല്‍ഹിയിലേക്ക് നടത്തുന്നുണ്ട്. എക്‌സ്പ്രസ് റദ്ദാക്കുന്നതോടെ പ്രവാസികള്‍ ഗള്‍ഫ് എയറിനെ ആശ്രയിക്കേണ്ടി വരും. ഈ കാലയളവില്‍ വിമാന ടിക്കറ്റ് നിരക്ക് കൂടാനും സാധ്യതയുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ തീരുമാനത്തെ പുനപരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എംബസി മുന്നോട്ട് വരണമെന്നാണ് പ്രവാസികളുടെ ആവശ്യം