തിരുവന്തപുരം– തിരുവന്തപുരം മെഡിക്കല്‍ കോളജിനെതിരെ ഡോ. ഹാരിസ് ഉയര്‍ത്തിയ ആരോപണത്തില്‍ ഉണര്‍ന്ന് ആരോഗ്യ വകുപ്പ്. മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിക്ക് പരിഹാരമായി ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്ന് രാവിലെ വിമാനത്തില്‍ എത്തിച്ചതോടെ മാറ്റിവെച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു. യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ തുറന്നു പറച്ചില്‍ ശസ്ത്രക്രിയ കാത്തിരുന്ന രോഗികള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കു ക്ഷാമമുണ്ടായിരുന്നെന്ന ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും തള്ളിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ഉപകരണ ക്ഷാമം യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞതായി രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഡോ. ഹാരിസ് ചികിത്സാ രംഗത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ സമൂഹമാധ്യമത്തിലൂടെ തുറന്നു പറഞ്ഞത്. വിഷയം വിവാദമായതോടെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി ഭര്‍തൃസഹോദരനെ സ്വാധീനിച്ച് പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നു. തനിക്കെതിരെ എന്ത് നടപടിയെടുത്താലും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നായിരുന്നു ഡോക്ടറുടെ നിലപാട്. മെഡിക്കല്‍ കോളജുകളില്‍ ഉപകണങ്ങള്‍ വാങ്ങാന്‍ അതിസങ്കീര്‍ണമായ നടപടിക്രമങ്ങളാണെന്ന് ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു രൂപയുടെ പര്‍ച്ചേഴ്‌സ് നടത്താന്‍ പോലും വകുപ്പ് മേധാവികള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തെ കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ സമിതിയെ നിയോഗിച്ചു. ഡോക്ടറുടെ വെളിപ്പെടുത്തല്‍ ശരിവെയ്ക്കുന്ന കാര്യങ്ങളാണ് അന്യേഷണ സമിതി പരിശോധനയിലും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.