തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തെത്തി പരമ്പരാഗത ചടങ്ങായ ബാറ്റൺ കൈമാറ്റത്തോടെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. 1991ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ റവാഡ, കൂത്തുപറമ്പ് വെടിവെപ്പ് സംബന്ധിച്ച രാഷ്ട്രീയ വിവാദത്തിനിടയിലാണ് പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നത്.
പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെത്തിയ റവാഡ ചന്ദ്രശേഖറിനെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. അജിത്കുമാറിനെ ഡി.ജി.പിയാക്കാൻ സംസ്ഥാന സർക്കാർ വിവിധ ഘട്ടങ്ങളിൽ കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും യുപിഎസ്‍സിയുടെ നിലപാട് തിരിച്ചടിയാവുകയായിരുന്നു.
താൽക്കാലിക ഡി ജി പിയുടെ ചുമതല വഹിച്ചിരുന്ന എച്ച് വെങ്കിടേഷ് റവാഡ ചന്ദ്രശേഖറിന് ചുമതല കൈമാറി. പുതിയ ഡി ജി പിയുടെ ആദ്യ പരിപാടി കണ്ണൂരിലാണ്. സർക്കാറിന്റെ മേഖലാതല അവലോകന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും.
കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ ഡിജിപിയാക്കിയതിൽ മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ എതിർപ്പറിയിച്ചിരുന്നു. യോഗേഷ് ഗുപ്തയെ പരിഗണിക്കാതെ റവാഡയെ നിയമിച്ചത് എന്തിനാണെന്ന് സർക്കാറിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനല്ലെന്നും വെടിവെപ്പിൽ അദ്ദേഹത്തിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും സിപിഎം നേതാവ് എംവി ജയരാജൻ പറഞ്ഞു. ഡിജിപി നിയമനത്തിൽ പാർട്ടി സർക്കാറിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദനും പറഞ്ഞു.