കൊണ്ടോട്ടി- മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സ്നേഹ സന്ദേശമയച്ച് ആയിരകണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രിയായ ബ്രഹ്മശ്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട്. കൊണ്ടോട്ടി മുതുവല്ലൂര്‍ ശ്രീ ദുര്‍ഗാഭഗവതി ക്ഷേത്രത്തിന്റെ നവീകരണത്തോട് അനുബന്ധിച്ചാണ് കത്തയച്ചത്.
കത്തിൽനിന്ന്:
പ്രിയപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബ്..
ഇന്ന് നടക്കുന്ന സമന്വയം എന്ന സ്നേഹ സംഗമത്തിലേക്ക് അങ്ങയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ് എന്നതിലുപരി എന്നും സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും സമന്വയിപ്പിച്ച നേത്യസൂര്യനായാണ് അങ്ങയെ ഞങ്ങൾ കാണുന്നത്. അതിരുകളും, മതിലുകളും ഇല്ലാത്ത ഹൃദയ ബന്ധം തന്നെയാണ് അങ്ങയുടെ സാന്നിധ്യം ഈ ചടങ്ങിൽ ഞങ്ങൾ ആഗ്രഹിക്കാൻ കാരണം.
മുതുവല്ലൂര്‍ ശ്രീ ദൂര്‍ഗാ ഭഗവതി ക്ഷേത്രം, നൂറ്റാണ്ടുകളുടെ പഴമയും വിശ്വാസത്തിന്റെ പെരുമയും കൊണ്ട് ദേശാന്തരങ്ങള്‍ കടന്ന മാഹാത്മ്യത്തിന്റെ ദൈവീക നാമം. ആത്മാവിനെ ശുദ്ധീകരിക്കാന്‍, കാലത്തിന് വഴികാണിക്കാന്‍ ഒരു തലമുറ കരുതിവെച്ച അത്യപൂര്‍വ്വമായ സമ്പത്താണ് ഈ ക്ഷേത്രം.
സാമൂതിരിയുടെ സാമന്തന്‍മാരായിരുന്ന തലയൂര്‍ ഇല്ലമാണ് ഈ ക്ഷേത്രത്തിന്റെ ഊരാളന്‍മാര്‍. സൗഹാര്‍ദ്ദത്തിന്റെ മുത്തും പവിഴവും നിറഞ്ഞതാണ് ഈ മണ്ണ്. വിശ്വമാനവീയമായ ഒരു ചരിത്രസഞ്ചാരത്തിന്റെ ഏടുകളില്‍ തിളങ്ങിനില്‍ക്കുന്ന ഒരധ്യായമുണ്ട്. പണ്ട് കൊണ്ടോട്ടിയില്‍നിന്ന് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിനായി തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടവര്‍ക്ക് യഥാസമയം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായില്ല. ഈന്തുംപട്ടയില്‍ ഒരു പള്ളി പണിയുന്നതാണ് ഉചിതമെന്ന് അവിടെയുള്ളവര്‍ ഉപദേശിച്ചു. തിരിച്ചെത്തിയ വിശ്വാസികള്‍ തലയൂര്‍ മൂസതിനെ ചെന്നുകണ്ടു. കാടുംപൊന്തയും വന്‍മരങ്ങളും നിറഞ്ഞ ഒരിടം തലയൂര്‍ മൂസത് ‘പള്ളിപണിയാന്‍ കൈമാറി. അന്ന്, നിര്‍മ്മിച്ച ആ പള്ളിയുടെ പുതിയ രൂപമാണ് ഇന്നത്തെ പഴയങ്ങാടി ജുമാമസ്ജിദ്. ആ സ്ഥലവുമായി ബന്ധപ്പെട്ടാണ് കൊണ്ടോട്ടിക്ക് ആ പേരുപോലും വന്നത്. കൊണ്ടോട്ടിയുടെ ചരിത്രത്തിന് ഈ ക്ഷേത്രവുമായും തലയൂര്‍ ഇല്ലവുമായുമുള്ള ബന്ധം പറയാതെ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ തിരിതെളിയിക്കാനാവില്ല.
നിലവില്‍ മലബാര്‍ ദേവസ്വത്തിന് കീഴിലാണ് ഈ അമ്പലം. പ്രദേശത്തിന്റെ ഐശ്വര്യദീപം തെളിയിക്കേണ്ട ഈ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2015ലാണ് തുടങ്ങുന്നത്. ഈ നാടിനെ, ഭക്തജനങ്ങളെ നന്‍മയുടെ വസന്തത്തിലേക്ക് ആനയിക്കാന്‍ ദൈവാനുഗ്രഹമുണ്ടായതിൽ എനിക്കും സന്തോഷമുണ്ട്. ജാതിയും മതവും ദേശവും കാലവും അതിരുകളിടാത്ത സഹൃദയരായ അനേകം പേരുടെ പിന്തുണയുമാണ് ഈ ക്ഷേത്രത്തിന്റെ കരുത്ത്. കഴിഞ്ഞ തവണ പാണക്കാട് സാദിഖലി തങ്ങൾ ക്ഷേത്രത്തിൽ വന്നിരുന്നു. എൻ്റെ പ്രതിനിധികൾ ഓണക്കാലത്ത് പാണക്കാട് തങ്ങളെ സന്ദർശിച്ചിരുന്നു. ലക്ഷോപലക്ഷം ജനങ്ങളാണ് കൂട്ടായ്മയുടെ ആ നല്ല വാർത്ത ശ്രവിച്ചത്. തങ്ങളുടെ സ്നേഹ സാന്നിധ്യം ഇന്നും ഈ നാടിൻ്റെ സുമനസുകളിലൂടെ പരന്നൊഴുകുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളക്കുതെളിച്ച ഈ ക്ഷേത്രാങ്കണത്തിലേക്ക് ആനന്ദോല്‍സുകമായ അനേകം കാാഴ്ചകളൊരുക്കാന്‍ ക്ഷേത്രപരിപാലന കമ്മിറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ക്ഷേത്രപുനരുദ്ധാരണത്തില്‍ ജാതിമത മതിലുകള്‍ക്കതീതമായി സഹായിച്ചവര്‍ ഏറെയുണ്ട്. എല്ലാവരോടും ഈ നാടും ജനങ്ങളും എന്നും കടപ്പെട്ടിരിക്കും. ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അങ്ങയുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി എന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്.
തന്ത്രിയുടെ പ്രതിനിധികളായ ക്ഷേത്ര ഭാരവാഹികളും, എം.എസ്.എഫ് നേതാവ് പി.വി അഹമ്മദ് സാജു അടക്കമുള്ളവരാണ് കത്ത് കുഞ്ഞാലിക്കുട്ടിക്ക് നേരിട്ടെത്തി കൈമാറിയത്.