തൃശൂര്‍– സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍. അവിവാഹിതരായ കാമുകിയും കാമുകനും ചേര്‍ന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായാണ് വിവരം. തൃശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് യുവാവ് അസ്ഥികളുമായി കയറി വന്നത്. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമാണോ എന്ന് പോലീസ് അന്യേഷിക്കുകയാണ്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ചോദ്യം ചെയ്യലില്‍ മൂന്ന് വര്‍ഷം മുമ്പാണ് കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്ന് യുവാവ് വെളിപ്പെടുത്തി. അവിവാഹിതരായി കാമുകിയില്‍ കുഞ്ഞ് ജനിക്കുകയും മരിച്ചതിനാല്‍ യുവതി കുഴിച്ച് മൂടുകയായിരുന്നെന്നും യുവാവ് പറഞ്ഞു. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിന്റെ അസ്ഥി പെറുക്കിയെടുക്കണമെന്ന യുവാവിന്റെ ആവശ്യത്തിലാണ് കാമുകി അസ്ഥി പെറുക്കിയെടുത്ത് നല്‍കിയത്
എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് യുവതി വീണ്ടും മറ്റൊരു കുഞ്ഞിന് ജന്മം നല്‍കുകയും ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയതിനാലാണ് യുവാവ് സ്റ്റേഷനിലെത്തുന്നത്. കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ രണ്ട് അസ്ഥികളുണ്ടായിരുന്നു. കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് അസ്ഥിയുമായി കാമുകന് സ്റ്റേഷനിലെത്തുകയായിരുന്നു. യുവതി തന്നെയും കൊല്ലുമെന്ന് പേടിയുണ്ടെന്ന് യുവാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൃത്യമായ വ്യക്തത പോലീസിന് ലഭിച്ചിട്ടില്ല. അന്യേഷണം പുരോഗമിക്കുന്നു. അസ്ഥി കുഞ്ഞുങ്ങളുടേതാണോ എന്ന് പരിശോധിച്ചു വരികയാണ്.