ന്യുഡൽഹി– ഇറാനിൽ അമേരിക്ക ബോംബ് വർഷിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് നരേന്ദ്ര മോദി. ഞായറാഴ്ചയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി മോദി ഫോൺ സംഭാഷണം നടത്തിയത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലായി അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ പ്രദേശം അരക്ഷിതാവസ്ഥയിൽ ആയതിനാലാണ് മോദി ആശങ്ക അറിയിച്ചത്.
“നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാലത്തെ സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗമായി സംഘർഷം കുറയ്ക്കുന്നതിനും സംഭാഷണത്തിനും നയതന്ത്രത്തിനും ഞങ്ങൾ ആഹ്വാനം ചെയ്തു.” ഫോൺ സംഭാഷണത്തെ കുറിച്ച് മോദി എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.
യുഎസ് ആക്രമണത്തെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അരഘ്ചി, ഇത് അന്താരാഷ്ട്ര നിയമം, യുഎൻ ചാർട്ടർ നിയമം ആണവ നിർവ്യാപന ഉടമ്പടി തുടങ്ങിയവയുടെ ഗുരുതരമായ ലംഘനമായാണ് വിശേഷിപ്പിച്ചത്.