വാഷിങ്ടൺ: ഇറാനെതിരെ ഏതെങ്കിലും വിധത്തിലുള്ള സൈനിക നീക്കത്തിൽ അമേരിക്ക ഭാഗമാകുന്നതിനെതിരെ മുന്നറിയിപ്പുമായി മുൻ സിഐഎ ഡയറക്ടർ ലിയോൺ പനേറ്റ. യുഎസ് ഇറാനെ ആക്രമിച്ചാൽ അത് മേഖലയിലെ വ്യാപക യുദ്ധത്തിന് കാരണമാകുമെന്നതിൽ ഒരു സംശയവും വേണ്ടെന്ന് അമേരിക്കൻ മാധ്യമമായ സിഎൻഎന്നുമായി സംസാരിക്കവെ പനേറ്റ പറഞ്ഞു. രണ്ടു പതിറ്റാണ്ടു മുമ്പ് ഇറാഖിൽ ഇടപെട്ടത് ഭീകരമായ പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യുഎസ് പ്രസിഡണ്ട് പഠിക്കേണ്ട ഒരു പാഠമുണ്ട്. അദ്ദേഹം ഇറാനെ ആക്രമിക്കാൻ പോവുകയാണെങ്കിൽ, മേഖലയിലെ ഒരു യുദ്ധത്തിലേക്കാണ് അമേരിക്ക പ്രവേശിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ട്, ഇക്കാര്യത്തിൽ പിഴവ് വരുത്താതിരിക്കുക. അതൊരു എയർ സ്‌ട്രൈക്ക് ആണെങ്കിലും. ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിലേക്കാണ് അത് നയിക്കുക.’ ലിയോൺ പനേറ്റ പറഞ്ഞു.
‘ഇറാഖിൽ ഇടപെടാൻ എടുത്ത തീരുമാനം വലിയൊരു പിഴവായിരുന്നു. അത്തരം പിഴവുകൾ അമേരിക്ക ആവർത്തിക്കരുത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റിക് ഗവൺമെന്റുകൾക്കു കീഴിൽ പ്രതിരോധ സെക്രട്ടറി, സിഐഎ ഡയറക്ടർ, വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ളയാളാണ് ലിയോൺ പനേറ്റ.