ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട വാദി ലജബില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ 12 അംഗ കുടുംബത്തെ റൈഥ് നിവാസികളായ സൗദി യുവാക്കള്‍ രക്ഷിച്ചു. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് ഫോര്‍ വീല്‍ ജീപ്പ് ഉപയോഗിച്ച് കുത്തിയൊലിക്കുന്ന വെള്ളത്തില്‍ ഇറങ്ങി യുവാക്കള്‍ ഡ്രൈവറും ഭാര്യയും പത്തു മക്കളും അടങ്ങിയ കുടുംബത്തെ സാഹസികമായി രക്ഷിക്കുകയായിരുന്നു.
ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞും രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. സിവില്‍ ഡിഫന്‍സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കുടുംബത്തിന്റെ കാറും പിന്നീട് പുറത്തെടുത്തു.
അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയ അഞ്ചു പേരെ സിവില്‍ ഡിഫന്‍സ് അധികൃതരും രക്ഷപ്പെടുത്തി. മക്കയിലും അല്‍ബാഹയിലും ജിസാനിലും അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. അല്‍ബാഹ പ്രവിശ്യയിലെ 15 അണക്കെട്ടുകളും കനത്ത മഴയില്‍ കവിഞ്ഞൊഴുകി. ശക്തമായ മഴയില്‍ വെള്ളം കയറുകയും ആലിപ്പഴവര്‍ഷത്തില്‍ മഞ്ഞുകൂനകള്‍ രൂപപ്പെടുകയും ചെയ്തിനെ തുടര്‍ന്ന് അസീര്‍ പ്രവിശ്യയില്‍ പെട്ട ബില്ലസ്മറില്‍ അല്‍ബാഹ, തായിഫ് റോഡ് സുരക്ഷാ വകുപ്പുകള്‍ അടച്ചു.
അല്‍ബാഹയില്‍ ഏതാനും കാറുകള്‍ ഒഴുക്കില്‍ പെടുകയും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും ചെയ്തു. അബഹയില്‍ മഴക്കൊപ്പമുണ്ടായ കനത്ത ആലിപ്പഴവര്‍ഷത്തില്‍ റോഡുകളില്‍ ഒന്നില്‍ മഞ്ഞുകൂനകള്‍ രൂപപ്പെട്ട് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഐസ് നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാനും കാറുകള്‍ പുറത്തെടുക്കാനും പ്രദേശവാസികള്‍ രംഗത്തിറങ്ങി. കനത്ത മഴക്കിടെ മലയിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് അല്‍ബാഹ പ്രവിശ്യയിലെ നാലു ചുരം റോഡുകള്‍ സുരക്ഷാ വകുപ്പുകള്‍ മുന്‍കരുതെന്നോണം അടച്ചിരുന്നു.