ഭുവനേശ്വര്‍– ഒഡീഷയിലെ ഗഞ്ചമില്‍ ബീച്ചിനു സമീപം കോളജ് വിദ്യാര്‍ഥിനിയെ പത്ത് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഞായറാഴ്ച ഒമ്പതരയോടെയാണ് സംഭവം. രാജ ഫെസ്റ്റിവല്‍ ആഘോഷിക്കാനെത്തിയ ഇരുപതുകാരി സഹപാഠിയായ ആണ് സുഹൃത്തിനോടൊപ്പം ബീച്ചിലേക്ക് പോയതായിരുന്നു. കൂട്ടമായെത്തിയ സംഘം കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ മര്‍ദിച്ച് കെട്ടിയിട്ടതിനു ശേഷം വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. 3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഒരാഴ്ചക്കിടെ ഒഡീഷയില്‍ നടന്ന രണ്ടാമത്തെ കൂട്ട ബലാത്സംഗമാണിത്. പുരിയിലെ ബീച്ചിനു സമീപത്തെ ഹോട്ടലില്‍ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും ബലാത്സംഗത്തിന് ഇരയായിരുന്നു. തൊട്ടു പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവം. അതിജീവിത ആണ് സുഹൃത്തിനോടൊപ്പം ഞായറാഴ്ച രാത്രി 11 മണിക്ക് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. മദ്യ ലഹരിയില്‍ പ്രതികള്‍ ആദ്യം പെണ്‍കുട്ടിയെ അസഭ്യം പറയുകയും ഇത് എതിര്‍ത്ത ആണ്‍സുഹൃത്തിനെ മര്‍ദിക്കുകയുമായിരുന്നു. പിടിയിലായ പ്രതികള്‍ പ്രദേശവാസികളല്ല, ഫെസ്റ്റിവല്‍ ആഘോഷിക്കാനെത്തിയരാണെന്ന് പോലീസ് വ്യക്തമാക്കി. അന്യേഷണത്തിന്റെ ഭാഗമായി അതിജീവിതയെയുംം പിടിയിലായവരെയും വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്നും വിദ്യാര്‍ഥിനിക്ക് കൗണ്‍സിലിംഗ് നല്കി വരികയാണെന്നും പോലീസ് അറിയിച്ചു.