ഓട്ടോ-കാർ നിരക്ക് മൂന്നിരട്ടി വരെ വർധിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഒല നിരക്ക് മൂന്നിരട്ടിയായി വർധിപ്പിച്ചു. നേരത്തെ ഓരോ 2 കിലോമീറ്ററിനും 24 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ 800 മീറ്ററിന് 60-65 രൂപയാണ് ഈടാക്കുന്നത്. ടൗൺ ഹാളിനും കെആർ മാർക്കറ്റിനും ഇടയിലുള്ള 1.2 കിലോമീറ്റർ ദൂരത്തിൽ കാറിന് 108 രൂപയും ഓട്ടോയ്ക്ക് 50-53 രൂപയുമാണ് ഒല നിലവിൽ ഈടാക്കുന്നത്.
ടൗൺ ഹാൾ മുതൽ മജസ്റ്റിക് വരെ ഏകദേശം 2.1 കിലോമീറ്റർ ദൂരത്തിൽ ഓട്ടോറിക്ഷാ സർവീസുകൾക്ക് 78 മുതൽ 82 രൂപയും പ്രൈം എസ്‌യുവി കാറിന് 178 രൂപയുമാണ് നിരക്ക്. ജയനഗർ മുതൽ സൗത്ത് എൻഡ് സർക്കിൾ വരെയുള്ള 900 മീറ്റർ ദൂരത്തിന് കാറിന് 108 രൂപയും ഓട്ടോയ്ക്ക് 50-53 രൂപയുമാണ് ഒല ഈടാക്കുന്നത്. ചിക്പേട്ട് മെട്രോ സ്റ്റേഷൻ മുതൽ മാർക്കറ്റ് മെട്രോ സ്റ്റേഷൻ വരെയുള്ള 840 മീറ്റർ ദൂരത്തിന് കാറിന് 108 രൂപയും ഓട്ടോറിക്ഷയ്ക്ക് 53 രൂപയുമാണ് നിരക്ക്.
ടൗൺ ഹാളിനും നാഷണൽ കോളേജ് മെട്രോ സ്റ്റേഷനും ഇടയിലുള്ള 2.1 കിലോമീറ്റർ ദൂരത്തിന് 78-82 രൂപ ഓട്ടോ ചാർജായി നിശ്ചയിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തിൽ എല്ലാ ടാക്സി കാബുകൾക്കും സംസ്ഥാന ഗതാഗത വകുപ്പ് അടുത്തിടെ ഏകീകൃത നിരക്ക് നിശ്ചയിച്ചിരുന്നു. 10 ലക്ഷം രൂപയോ അതിൽ താഴെയോ വാങ്ങുന്ന വാഹനങ്ങൾക്ക് ഓരോ കിലോമീറ്ററിനും 24 രൂപയാണ് മിനിമം നിരക്ക്. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനങ്ങൾക്ക് കിലോമീറ്ററിന് മിനിമം നിരക്ക് 28 രൂപയും 15 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് അധിക കിലോമീറ്ററിന് 32 രൂപയുമാണ് നിരക്ക്.
എന്നാൽ നിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് ഒല നിരക്കുകൾ ഈടാക്കുന്നതെന്ന് ഉപയോക്താക്കൾ ആരോപിച്ചു.