പത്ത് തവണ ലോക്‌സഭയിലും രണ്ടു തവണ രാജ്യസഭയിലും അംഗമായിരുന്നു പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി. രാജ്യസഭാംഗമായിരിക്കെ, അദ്ദേഹത്തിന്റെ തൊട്ടടുത്തായിരുന്നു കേരളത്തില്‍ നിന്നുള്ള സി.പി.ഐ നേതാവ് എന്‍.ഇ ബാലറാമിന്റെ ഇരിപ്പിടം. അന്ന് അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിനുള്ള ശിലയിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ബാലറാം വാജ്‌പേയിയുമായി എന്തോ പറഞ്ഞ് ഉടക്കി. വിവാദവിഷയമായി പടരുകയായിരുന്ന അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് കല്ലിട്ടത് ദക്ഷിണായനത്തിലാണ്. വൈദികവിധിയനുസരിച്ച് ഉത്തരായണത്തിലാണ് ശിലയിടേണ്ടിയിരുന്നത്. സന്യാസത്തില്‍ നിന്ന് കമ്യൂണിസത്തിലേക്ക് എത്തിയ ബാലറാം ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ വാജ്‌പേയി മൗനം പാലിച്ചെങ്കിലും ഇടയില്‍ കയറിയ അന്നത്തെ ജനസംഘം നേതാവും പിന്നീട് ജനതാ പാര്‍ട്ടിക്കാരനുമായ സുബ്രഹ്മണ്യസ്വാമി ബാലറാമിനെതിരെ രോഷപ്രകടനം നടത്തി.
പ്രസംഗമധ്യേ ബാലറാമിന്റെ നേരെ തിരിഞ്ഞ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ദേശക്കൂറില്ലാത്ത രാജ്യദ്രോഹികളാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. രാജ്യത്തെ ഒറ്റുകൊടുത്തവരെന്ന് പറഞ്ഞുതുടങ്ങുന്നതിനിടെ തിളച്ചുമറിഞ്ഞ രോഷവുമായി ബാലറാം തന്റെ കാലിലെ ചെരിപ്പൂരി സുബ്രഹ്മണ്യ സ്വാമിയെ എറിഞ്ഞു. ദേഹത്ത് ചെരിപ്പേറ് കൊണ്ട് അപമാനിതനായ സ്വാമി സഭ വിട്ടിറങ്ങുന്നതാണ് കണ്ടത്. പിറ്റേന്ന് ഈ സംഭവം വലിയ വാര്‍ത്തയായി. പൊതുവെ സാത്വികനായ ബാലറാം ഇത്രയും ക്ഷോഭിച്ചുകാണുന്നത് ഇതാദ്യമാണെന്ന് പല എം.പിമാരും പറഞ്ഞു. കമ്യൂണിസ്റ്റുകാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ആര്‍.എസ്.എസ് വളര്‍ന്നിട്ടില്ലെന്നായിരുന്നു ക്ഷുഭിതനായ ബാലറാമിന്റെ പ്രതികരണം. ചെരിപ്പെറിഞ്ഞ സംഭവം പിന്നീട് ഏറെ കോലാഹലങ്ങള്‍ക്ക് വഴിമരുന്നിട്ടു.
രാജ്യസഭാംഗമായി ഏറെ ശോഭിച്ച ബാലറാം, പാര്‍ലമെന്റിനകത്ത് ഹിന്ദുത്വ ശക്തികള്‍ക്കെതിരെ സുധീരം പോരാടിയ നേതാവാണ്. രാഷ്ട്രീയ ഭൂമികയില്‍ നിന്ന് ഇന്ന് അന്യം നിന്നുപോയ വിശുദ്ധിയുടേയും തെളിമയുടേയും വലിയ മാതൃകയായിരുന്നു എന്‍. ഇ ബാലറാം. സമൂഹത്തിനും സമൂഹത്തിന്റെ മിടിപ്പുകള്‍ തൊട്ടറിയുന്ന നേതാക്കള്‍ക്കും നല്‍കാന്‍ വലിയ പാഠങ്ങള്‍ ബാക്കി വെച്ചാണ് അദ്ദേഹം കടന്നുപോയത്. രാഷ്ട്രീയ ജീര്‍ണതയുടെ ഈ കെട്ട കാലത്ത് സത്യസന്ധതയുടേയും ലാളിത്യത്തിന്റേയും പ്രതീകമായി എങ്ങനെ നേതാക്കള്‍ പരുവപ്പെടുന്നുവെന്നത് സിദ്ധാന്തത്തിലും പ്രയോഗത്തിലും അടിമുടി കമ്യൂണിസ്റ്റായ ബാലറാമില്‍ നിന്നാണ് പുതുതലമുറ പഠിക്കേണ്ടതും ആശയങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതും. ബാലറാമിന്റെ ജനുസ്സിലുള്ള നേതാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ കുറവാണെന്ന് ബാലറാമിനോട് രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്.
ആത്മീയചിന്തകളില്‍ നിന്ന് തുടങ്ങുകയും ഭൗതികമാനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ യഥാര്‍ഥ വിപ്ലവത്തിന്റെ ചൈതന്യധാരകള്‍ ഉള്‍ക്കൊള്ളുകയും ചെയ്ത അതീവസമ്പന്നമായൊരു സാമൂഹിക അടിത്തറയിലാണ് ബാലറാമിന്റെ വ്യക്തിജീവിതം തളിര്‍ത്ത് നിന്നത്. സ്‌നേഹ നന്മകളുടെ പൂമരം പോലെയായിരുന്നു ആ സാമൂഹിക ജീവിതം. തെളിമയാര്‍ന്ന, ശൈശവതുല്യമായ ആ ചിരിയിലെ മാനുഷികഭാവം, അദ്ദേഹത്തെ അറിയുന്ന ഓരോ കമ്യൂണിസ്റ്റുകാരന്റേയും മനസ്സില്‍ സുഗന്ധം പരത്തി നില്‍ക്കുന്ന ഓര്‍മയാണ്.
എക്കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തസ്മരണയുടെ ബലിശിലയില്‍ കൊത്തിവെക്കാവുന്ന പിണറായി ഗ്രാമത്തില്‍ ജനിച്ച ബാലറാം, കൗമാരത്തില്‍ തന്നെ മികച്ച വായനക്കാരനായിരുന്നു. അറിവ് തേടിയുള്ള അലച്ചിലിനിടെ ഭാഷയും സാഹിത്യവും വിജ്ഞാനത്തിന്റെ വിവിധ ശാഖകളും ചെറുപ്പത്തിലേ അദ്ദേഹത്തെ ആകര്‍ഷിച്ചു. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് ബാലറാമിന്റെ കൗമാരം കടന്നുപോയത്.
ഏത് വിഷയത്തിലുമുള്ള പരന്ന വായന, ആഴത്തിലുള്ള ജ്ഞാനാന്വേഷണം ഇവയെല്ലാം അദ്ദേഹത്തെ കല്‍ക്കത്ത രാമകൃഷ്ണ മിഷനിലെത്തിച്ചു. സംസ്‌കൃതത്തിലുള്ള താല്‍പര്യം വേദോപനിഷത്തുക്കളിലേക്കുള്ള അന്വേഷണത്തിലേക്കുള്ള കളമൊരുക്കി. ആശ്രമചിന്തകളില്‍ നിന്ന് പിന്നീടെത്തിപ്പെട്ടത് ഭൗതിക സിദ്ധാന്തങ്ങളിലേക്ക്. ഭാരതീയ പൈതൃകത്തിന്റെ വേരുകള്‍ തേടിയുള്ള ഗൗരവാവഹമായ തീര്‍ഥാടനം കൂടിയായിരുന്നു അത്.
കൊളോണിയല്‍ വിരുദ്ധതരംഗങ്ങള്‍ അലയടിക്കുന്ന അക്കാലത്ത് ചിന്താശീലരായ ഏത് ചെറുപ്പക്കാരനെയും പോലെ ബാലറാമും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടും സ്വാതന്ത്ര്യസമരത്തോടുമുള്ള അഭിനിവേശം കാരണം ബ്രിട്ടീഷുകാര്‍ക്കെതിരായ ചെറുത്ത് നില്‍പിന്റെ മുദ്രാവാക്യവുമായി രംഗത്തിറങ്ങി. കോണ്‍ഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചിന്താധാര സ്വീകരിച്ചവരുടെ പ്രസ്ഥാനമായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ബാലറാം അടുത്തു. 1938 ല്‍ ഗുജറാത്തിലെ ഹരിപുരയില്‍ നടന്ന സമ്മേളനത്തിലാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഉദയം കൊള്ളുന്നത്. ബാലറാം അവരോടൊപ്പം ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി , കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുമ്പോഴും മലബാറില്‍ അതിന്റെ ശക്തനായ വക്താവായി ബാലറാം ഉണ്ടായിരുന്നു. വായനയും ചിന്തകളും ഒപ്പം ജനങ്ങള്‍ക്കിടയിലിറങ്ങിയുള്ള പ്രവര്‍ത്തനവും – അതായിരുന്നു ബാലറാം ശൈലി.
ധിഷണയുടെ ഒരു ജ്വാലാമുഖമായിരുന്നു അദ്ദേഹം.സഖാക്കള്‍ പി. കൃഷ്ണപിള്ള, കെ. ദാമോദരന്‍, ഇ.എം.എസ്, എന്‍.സി ശേഖര്‍ തുടങ്ങിയവരോടൊപ്പം പാര്‍ട്ടിയുടെ രൂപീകരണവേളയിലും യുവാവായ
ബാലറാം സജീവമായി. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. ഊര്‍ജസ്വലമായ പാര്‍ട്ടിനേതൃസിദ്ധി ബാലറാമിനെ നാല്‍പതുകളിലെ കോട്ടയം (മലബാര്‍) താലൂക്ക് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തിച്ചു. നിരവധി തവണ അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. 1957 ല്‍ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. പാര്‍ട്ടി പിളര്‍പ്പ്, പല നേതാക്കളേയും അണികളേയും പോലെ ബാലറാമിനെയും അതീവ ഖിന്നനാക്കി. സി.പി.ഐയില്‍ ഉറച്ചുനിന്ന അദ്ദേഹം ഏറെ ത്യാഗം സഹിച്ചാണ് സി.പി.എം കോട്ടകളില്‍ ആശയപരമായ പോരാട്ടം നടത്തിയത്. 1970 ല്‍ തലശ്ശേരി എം.എല്‍.എയായ അദ്ദേഹം വ്യവസായ മന്ത്രിയായും പ്രവര്‍ത്തിച്ചു. ഏറെക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കാലത്താണ് അച്യുതമേനോന്‍ മന്ത്രിസഭയില്‍ സി.പി.ഐയുടെ യശോധാവള്യം പ്രഭ ചൊരിഞ്ഞത്. ലക്ഷംവീട് പദ്ധതിയും ഭൂപരിഷ്‌കരണ നിയമവുമെല്ലാം സി.പി.ഐയുടെ തൊപ്പിയിലെ പൊന്‍തൂവലുകളായി മാറിയത് ചരിത്രം രേഖപ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ചൂടും ചൂരും ആവേശിക്കുമ്പോഴും ചരിത്രവും സാഹിത്യവും വായിക്കുന്നതിന് ബാലറാം സമയം കണ്ടെത്തി. പാലി ഭാഷയിലുള്ള വൈഭവമറിഞ്ഞ് അദ്ദേഹത്തെ വിജയനഗരസാമ്രാജ്യവുമായി ബന്ധപ്പെട്ട പഠന ഗവേഷണത്തിനായി ആന്ധ്രാ മുഖ്യമന്ത്രി അങ്ങോട്ട് ക്ഷണിച്ചു കൊണ്ടു പോവുകയുണ്ടായി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യനാളുകള്‍, ഇന്ത്യയുടെ പിറവി, സൗന്ദര്യോല്‍സവം, ഭാരതീയ പൈതൃകം, പത്ത് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച എന്‍.ഇ ബാലറാം- സമ്പൂര്‍ണകൃതികള്‍ തുടങ്ങിയവയെല്ലാം ഇന്ത്യാ ചരിത്രത്തിലേക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന ആധികാരിക രേഖകളാണ്.
ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://chat.whatsapp.com/EEDOYYo8C1s1nAOlBMqloz