ജിദ്ദ – കഴിഞ്ഞ കൊല്ലം വിദേശ വിനോദ സഞ്ചാരികള്‍ സൗദിയില്‍ 13,400 കോടി റിയാല്‍ ചെലവഴിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയില്‍ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ 42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സൗദി വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ 8,600 കോടി റിയാല്‍ ചെലവഴിച്ചു. വിനോദ സഞ്ചാര മേഖലാ ധനവിനിയോഗത്തില്‍ കഴിഞ്ഞ വര്‍ഷം 4,800 കോടി റിയാല്‍ മിച്ചം കൈവരിക്കാന്‍ സാധിച്ചു. ഇത് 2022 നെ അപേക്ഷിച്ച് 37 ശതമാനം കൂടുതലാണെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.
സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ച് മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തില്‍ നിന്ന് പത്തു ശതമാനത്തിലധികമായി ഉയര്‍ത്താനും വിനോദസഞ്ചാര വ്യവസായ മേഖലയില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രതിവര്‍ഷം പതിനഞ്ചു കോടി വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും സൗദി അറേബ്യ ഉന്നമിടുന്നു. പ്രധാന വരുമാന സ്രോതസ്സായി ടൂറിസം മേഖലയെ പരിവര്‍ത്തിപ്പിക്കാന്‍ സൗദി അറേബ്യ ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ എളുപ്പമാക്കിയിട്ടുണ്ട്. നിലവില്‍ 63 രാജ്യക്കാര്‍ക്ക് ഇ-വിസയും ഓണ്‍അറൈവല്‍ വിസയും അനുവദിക്കുന്നുണ്ട്.
ടൂറിസ്റ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇവന്റുകളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിര്‍വഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ കാലാവധിയുള്ള ട്രാന്‍സിറ്റ് വിസയും അനുവദിക്കുുണ്ട്. ഈ വിസയില്‍ പ്രവേശിക്കുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും മറ്റും സാധിക്കും. ഹജ് സീസണില്‍ ഉംറ കര്‍മം നിര്‍വഹിക്കാനും സൗദിയില്‍ വേതനത്തിന് ജോലി ചെയ്യാനും വിസിറ്റ് വിസക്കാര്‍ക്ക് അനുവാദമില്ല.