മക്ക – ലോക രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ വിശുദ്ധ ഹറമിന് സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൡ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ ശക്തമാക്കി. നിത്യോപയോഗ വസ്തുക്കളുടെയും റമദാന്‍ ഉല്‍പന്നങ്ങളുടെയും ലഭ്യത നിരീക്ഷിക്കാനും വാണിജ്യ മന്ത്രാലയ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉന്നമിട്ട് രണ്ടാഴ്ചക്കിടെ സെന്‍ട്രല്‍ ഏരിയയിലെ വ്യാപാര സ്ഥാപനങ്ങളില്‍ 19,250 ഫീല്‍ഡ് പരിശോധനകളാണ് വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ നടത്തിയത്. സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ജ്വല്ലറികള്‍, മക്കയിലേക്കും മദീനയിലേക്കും മീഖാത്തുകളിലേക്കുമുള്ള റോഡുകളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനകള്‍ നടത്തുന്നുണ്ട്. രണ്ടാഴ്ചക്കിടെ നടത്തിയ റെയ്ഡുകള്‍ക്കിടെ നിയമ ലംഘനങ്ങള്‍ക്ക് 375 സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group