ജിദ്ദ – നാലു വര്‍ഷത്തിനിടെ ആറു ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 2019 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇത്രയും സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചത്. ഇക്കാലയളവില്‍ തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 17 ശതമാനത്തില്‍ നിന്ന് 35.3 ശതമാനമായി ഉയര്‍ന്നു. 2030 ഓടെ തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 30 ശതമാനമായി ഉയര്‍ത്താനാണ് വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം കഴിഞ്ഞ വര്‍ഷത്തോടെ മറികടക്കാന്‍ സാധിച്ചു.
സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ 17 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി നാലു വര്‍ഷത്തിനിടെ ഉയര്‍ന്നു. വളര്‍ച്ച ശക്തിപ്പെടുത്താനും തൊഴില്‍ വിപണി തന്ത്രത്തിനും സ്വകാര്യ മേഖല നല്‍കുന്ന പിന്തുണ പ്രശംസനീയമാണ്. സീസണ്‍ ജോലികള്‍ക്ക് സ്വദേശികളെ പ്രയോജനപ്പെടുത്തേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. ഹജും ഉംറയും അടക്കമുള്ള സീസണുകളില്‍ സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിന് പിന്തുണയെന്നോണമാണ് സീസണ്‍ വിസകള്‍ അനുവദിക്കുന്നത്. ഏതു ജോലി നിര്‍വഹിക്കാനാണോ വിദേശികളെ സീസണ്‍ വിസയില്‍ റിക്രൂട്ട് ചെയ്യുന്നത് എങ്കില്‍ അതേ ജോലിയില്‍ തന്നെയായിരിക്കണം അവരെ നിയോഗിക്കേണ്ടത്. സീസണ്‍ വിസയില്‍ എത്തുന്നവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അനുമതിയില്ല. ഈ കൊല്ലം ഹജ് സീസണില്‍ 59,000 ലേറെ സീസണ്‍ വിസകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group