ദമാം- കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ വ്യാജവാറ്റ് വാറ്റു കേന്ദ്രത്തിൽ മരിച്ചു കിടന്ന രണ്ടു മലയാളികളിൽ ഒരാളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തിരുവനന്തപുരം ചെറുകോട് പോങ്ങുംമൂട് സ്വദേശി കുട്ടൻ മണികണ്ഠൻ എന്നയാളുടെ മൃതദേഹം ദമാം എയർപോർട്ടിൽ നിന്നും ഇന്ന് രാത്രി രണ്ടു മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 9.40ന് തിരുവനന്തപുരത്തെത്തും.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ഇരുവരുടെയും മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നു എന്ന സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.
ആലപ്പുഴ കായംകുളം നടക്കാവ് പെരിങ്ങാല സ്വദേശി വിനോദ് കുമാർ, തിരുവനന്തപുരം ചെറുകോട് പോങ്ങുംമൂട് സ്വദേശി കുട്ടൻ മണികണ്ഠൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫ്‌ളാറ്റിനുള്ളിൽ മദ്യ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന വിവിധ വീപ്പകളും മറ്റു സാധന സാമഗ്രികളും മദ്യം നിറച്ച വീപ്പകളും മറ്റും പോലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ടു ഫ്‌ളാറ്റ് വാടകക്ക് എടുത്ത മറ്റൊരു തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാൾ അറസ്റ്റിലാണ്.
വിനോദ് കുമാറിന്റെ മൃതദേഹവും വൈകാതെ നാട്ടിലേക്ക് അയക്കും. ഇയാളുടെ പേരിൽ സാമ്പത്തിക കേസുകൾ ഉള്ളതിനാലാണ് വൈകുന്നത്. യാത്രാ വിലക്ക് നീക്കാൻ പോലീസ് ബന്ധപ്പെട്ട കോടതിക്ക് കത്ത് കൈമാറിയിട്ടുണ്ട്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയത് തമിഴ്‍നാട് സ്വദേശിയും ഹസയിലെ എംബസി വളണ്ടിയറുമായ ജിന്നയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇന്ത്യൻ എംബസിയാണ് രണ്ടു മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് വഹിക്കുന്നത്.