മലപ്പുറം– ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. മലപ്പുറം കാക്കഞ്ചേരിയിലാണ് ഇന്ന് ഉച്ചയോടെ വിള്ളല്‍ രൂപപ്പെട്ടത്. ഇതുവഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആദ്യം ചെറിയ രേഖയായി മാത്രം തെളിഞ്ഞ വിള്ളല്‍ അധികം വൈകാതെ തന്നെ വ്യാപ്തി കൂടുകയായിരുന്നു. നിര്‍മാണ ഘട്ടത്തില്‍ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് സ്പിന്‍ മില്‍ ഭാഗത്തും മണ്ണിടിഞ്ഞു വീണിരുന്നു. കണ്ണില്‍ പൊടിയിടുന്ന രൂപത്തില്‍ പെട്ടെന്ന് പണി തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പ്രദേശവാസി മുസ്തഫ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
നിലവില്‍ വാഹനങ്ങളെ സര്‍വീസ് റോഡിലൂടെ വഴിതിരിച്ചുവിടുകയാണ്. കാലവര്‍ഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സര്‍വീസ് റോഡും ദേശീയപാതയും തകര്‍ന്നിരുന്നു. വിള്ളല്‍ സംഭവിച്ച കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള രണ്ടംഗ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയെടുത്തിരുന്നു.