ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ബി.ജെ.പി നേതാക്കൾ പോക്‌സോ കേസിൽ അറസ്റ്റിലായി. തിരുവണ്ണാമല ജില്ലയിലെ തിരുവള്ളുവർ നഗർ ബി.ജെ.പി സിറ്റി യൂത്ത് വിങ് വൈസ് പ്രസിഡണ്ട് എഴിൽ ഇസൈ, തിരുപ്പുവനം ബി.ജെ.പി ഈസ്റ്റ് യൂണിയൻ സെക്രട്ടറി രാജ്കുമാർ എന്നിവരാണ് അറസ്റ്റിലായത്.
തിരുവണ്ണാമല ജില്ലയിലെ ചെങ്കം തിരുവള്ളുവര് നഗര് സ്വദേശിയായ എഴിൽ ഇസൈ (24) കരാട്ടെ അധ്യാപകൻ കൂടിയാണ്. തനിക്കു കീഴിൽ കരാട്ടെ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയും പെൺകുട്ടി ഗർഭം ധരിക്കുകയുമായിരുന്നു. പെൺകുട്ടി ഒരു മാസംമുമ്പ് പ്രസവിച്ചു. പെൺകുട്ടി വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ എഴിൽ ഇസൈയുടെ ഡിഎൻഎ പരിശോധനയിൽ ഇയാൾ തന്നെയാണ് കുട്ടിയുടെ പിതാവ് എന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
തിരുപ്പുവനം ബി.ജെ.പി ഈസ്റ്റ് യൂണിയന് സെക്രട്ടറി രാജ്കുമാർ വീടിന് സമീപം താമസിക്കുന്ന പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ രാജ്കുമാറിനെ മർദിക്കുകയും അതിന്റെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മനാമദുരൈ വനിതാ പൊലീസാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. രാജ്കുമാർ വിദ്യാർത്ഥികളെ വാനില് സ്‌കൂളുകളിൽ എത്തിക്കാറുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.