മലപ്പുറം: കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിൽ നിന്ന് ഒരുസംഘം അക്രമികൾ കത്തി കാട്ടി തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നാണ് അന്നൂസിനെ കണ്ടെത്തിയതെന്നാണ് വിവരം. അനൂസിനെ വൈദ്യപരിശോധനയ്ക്കായി മുക്കത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊടുവള്ളിയിലേക്ക് കൊണ്ടുപോയി.
കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. അനൂസിനെ കണ്ടെത്തിയതായി പോലീസ് വിളിച്ച് അറിയിച്ചുവെന്നും ശേഷം മകനുമായി ഫോണിൽ സംസാരിച്ചതായും പിതാവ് റഷീദ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടുവള്ളി സ്റ്റേഷനിലേക്ക് വരുമെന്നാണ് ഡിവൈ.എസ്.പി പറഞ്ഞത്. മറ്റു വിവരങ്ങളൊന്നും തേടിയിട്ടില്ലെന്നും നേരിൽ സംസാരിക്കാനാവുമെന്നും സ്റ്റേഷനിലേക്ക് പോകുകയാണെന്നും പിതാവ് വ്യക്തമാക്കി.
അതിനിടെ, യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അനൂസിനെ മൈസൂരുവിൽനിന്ന് ടാക്‌സിയിൽ കയറ്റിയ ശേഷം കൊണ്ടോട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിലൊന്നും പോലീസിന്റെയോ അനൂസിന്റെയോ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എന്നാൽ, അക്രമിസംഘം തന്നെ മർദ്ദിച്ചിരുന്നുവോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് ഇല്ലെന്ന് അനൂസ് പോലീസ് സാന്നിധ്യത്തിൽ ആക്ഷൻ കാണിച്ചിട്ടുണ്ട്. എന്തായാലും അനൂസിനെ ഉടനെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കോടതിയിൽ ഹാജറാക്കി കുടുംബത്തിന് കൈമാറാനാണ് സാധ്യതയെന്ന് അറിയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറയിലെ അനൂസ് റോഷനെ ക്വട്ടേഷൻ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. വിദേശത്തുള്ള അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായുളള അക്രമി സംഘത്തിന്റെ സാമ്പത്തിക തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.
പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.