മക്ക: ഹജ് തസ്‌രീഹ് ഇല്ലാത്ത 48 വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 20 പേരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പത്തു സൗദികളും പത്തു വിദേശികളുമാണ് അറസ്റ്റിലായത്. ഇവരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു.
ഇവർക്ക് തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്താനും പുതിയ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് പത്തു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും വിധിയുണ്ട്.
ഹജ് തസ്‌രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ നിയമ നടപടികളിലൂടെ കണ്ടുകെട്ടാനും തീരുമാനമുണ്ട്. ഹജ് പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് മക്കയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായവർക്ക് 20,000 റിയാൽ വരെ തോതിൽ പിഴ ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.