കാസര്‍കോട്– ശക്തമായ മഴയില്‍ തകര്‍ന്ന് കാഞ്ഞങ്ങാട് ദേശീയപാതയിലെ സര്‍വീസ് റോഡ്. കാസര്‍കോട് ജില്ലാ ആശുപത്രിക്ക് മുമ്പിലുള്ള സര്‍വീസ് റോഡാണ് ഇടിഞ്ഞു താണത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം നടന്നതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു. ആ സമയത്ത് വാഹനങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് വന്‍ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മഴ ഇപ്പോഴും ശക്തമായി തുടരുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. കൃത്യമായി പണി നടക്കാത്തതിനാലാണ് റോഡ് ഇടിഞ്ഞു വീണതെന്ന് നാട്ടുകാരിലൊരാള്‍ ആരോപിച്ചു. സംഭവത്തിന് ശേഷം പ്രദേശവാസികള്‍ ഭീതിയിലാണ്.
ഇന്നലെ മലപ്പുറം കൂരിയാട് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നിരുന്നു. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പുറമെ മലപ്പുറം തലപ്പാറയില്‍ ദേശീയ പാതയില്‍ വിള്ളലുകള്‍ കണ്ടെത്തിയതായി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴ തുടങ്ങിയതിന് ശേഷം മണ്ണിട്ട് ഉയര്‍ത്തിയ നിര്‍മാണം നടത്തിയ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. റോഡുകളിലെ വിള്ളലുകളും ഇടിഞ്ഞു താഴ്ന്നതുമായ സംഭവങ്ങള്‍ മഴ തുടരുന്നതിനാല്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സംഭവത്തൈ തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ മഴ പെയ്തതിനാല്‍ വയല്‍ വികസിച്ചതാണ് റോഡ് തകരാന്‍ കാരണമായതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അവകാശപ്പെട്ടു. സംഭവത്തില്‍ പ്രത്യേക സംഘം ദേശീയ പാത തകര്‍ന്നിടത്ത് സന്ദര്‍ശനം നടത്തും.
റോഡ് തകര്‍ന്ന കൂരിയാട് യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. കൂരിയാട് നേരത്തെ തന്നെ പാലം വേണമെന്ന് ആവശ്യപ്പെട്ടതാണെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. അധികൃതരുടെ വീഴ്ചയാണെന്നും ഇവര്‍ ആരോപിച്ചു. മഴ പെയ്തതിനാലാണ് റോഡ് തകര്‍ന്നതെന്ന് അംഗീകരിക്കാനാകില്ലെന്നും പ്രശ്‌നത്തില്‍ അടിയന്തിരമായി ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ ഗൗരവമായി എടുക്കുന്നെന്നും പ്രശ്‌നത്തെ സൂക്ഷമമായി പഠിച്ച് അനുയോജ്യമായ നടപടികളിലേക്ക് യു.ഡി.എഫ് കടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.