ബാഗ്ദാദ് – ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും നീക്കങ്ങൾക്കിടെ, ഗാസയുടെ പുനർനിർമാണ ശ്രമങ്ങളുമായി മുന്നോട്ടു പോകാൻ അറബ് ലീഗിന്റെ തീരുമാനം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ നടന്ന ബാഗ്ദാദിൽ നടന്ന 34-ാമത് അറബ് ലീഗ് ഉച്ചകോടി, ഗാസ പുനർനിർമാണ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ഗാസയിലെ ഇസ്രായിൽ സൈനികനടപടി അവസാനിപ്പിക്കണമെന്നും ഫലസ്തീനികൾക്ക് മാനുഷിക സഹായം എത്തിക്കണമെന്നും അറബ് നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടു.
22 അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും, യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുത്തു. ഫലസ്തീൻ അതോറിറ്റി പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസും സന്നിഹിതനായിരുന്നു. അതേസമയം, സിറിയൻ പ്രസിഡണ്ട് അഹ്‌മദ് അൽ ഷറാ ഉച്ചകോടിക്കെത്തിയില്ല.
ഉച്ചകോടിയുടെ സുപ്രധാന ചർച്ചാവിഷയം ഗാസയിലെ ഇസ്രായിലിന്റെ സൈനികനടപടികളായിരുന്നു. ഗാസയിൽ അടിയന്തരമായി വെടിനിർത്തണമെന്ന് ഈജിപ്ത് പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് അൽ സിസി പറഞ്ഞു. ഇസ്രായിലിന്റെ സൈനിക നടപടികൾ അവസാനിപ്പിക്കാനും പ്രദേശത്ത് സമാധാനം സ്ഥാപിക്കാനും ഒരു അറബ് പദ്ധതി സ്വീകരിക്കണമെന്ന് മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഹമാസ് തടവിലാക്കിയ ഇസ്രായിൽ ബന്ദികളെ മോചിപ്പിക്കണമെന്നും ഗാസയിലേക്ക് തടസ്സങ്ങളില്ലാതെ സഹായങ്ങൾ എത്തിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ ഗുട്ടറസ് ആവശ്യപ്പെട്ടു. ഗാസയിൽ നിന്ന് ജനങ്ങളെ ബലമായി കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുദാനി വ്യക്തമാക്കി. യുദ്ധാനന്തര പുനർനിർമാണത്തിനായുള്ള അറബ് ഫണ്ടിലേക്ക് ഇറാഖ് 40 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു. ഇതിൽ 20 മില്യൺ ഡോളർ ഗാസയ്ക്കും 20 മില്യൺ ഡോളർ ലെബനാനും നൽകും.
ബാഗ്ദാദ് ഡിക്ലറേഷൻ: പ്രധാന തീരുമാനങ്ങൾ
ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയായ ‘ബാഗ്ദാദ് ഡിക്ലറേഷൻ’ ഗാസയിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളെ നിരസിക്കുകയും മാനുഷിക സഹായങ്ങൾ എത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഗാസ പുനർനിർമാണത്തിനായി അന്താരാഷ്ട്ര, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ധനസഹായം ആവശ്യപ്പെടുന്നതായി അറബ് ലീഗ് പ്രസ്താവിച്ചു.
ഗാസയ്ക്ക് പുറമെ, സിറിയ, യെമൻ, സുഡാൻ, ലിബിയ എന്നിവിടങ്ങളിലെ പ്രതിസന്ധികളും ഉച്ചകോടിയിൽ ചർച്ചാവിഷയമായി. അറബ് രാജ്യങ്ങൾ തമ്മിലുള്ള വിഭാഗീയതകൾ പരിഹരിക്കാൻ ഉന്നതതല മന്ത്രിതല സമിതി രൂപീകരിക്കണമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈൻ നിർദേശിച്ചു.